കാലടി: ആദിശങ്കര കുലദേവക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കാനെത്തിയ മേല്‍ശാന്തി സൂരജ് നമ്പൂതിരിപ്പാടാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ശ്രീകോവിലിനു സമീപമുളള നമസ്ക്കാര മണ്ഡപത്തിലെ ഭണ്ഡാരം കാണാതായതായി ശ്രദ്ധയില്‍പെട്ടതോടെ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കാപ്പിളളി ശ്രീകുമാര്‍ നമ്പൂതിരിയെ വിവരമറിയിക്കുകയും തുടര്‍ന്ന് കാലടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിഐ വി.എസ്. നവാസ്, എസ്‌ഐ അനില്‍കുമാര്‍ ടി. മേപ്പിളളി എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ നമസ്ക്കാര മണ്ഡപത്തിലെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്നശേഷം സമീപമുളള വേലിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണെ്ടത്തി. കൂടാതെ ശാസ്താവിന്റെ നടയിലെ ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഭണ്ഡാരപ്പെട്ടികളും കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടാവ് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പു കമ്പിവടിയും സമീപത്തുനിന്നും കണെ്ടത്തി.
ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. അക്ഷയതൃതീയ കനകധാരാ യജ്ഞത്തിന് ഇന്ന് തുടക്കമാകാനിരിക്കെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നിരിക്കുന്നത്. പോലീസിനെ കൂടാതെ വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.