വടകര: യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ബാഹുല്യമാണ് ബിജെപിയെ അധികാരത്തിലേറ്റിയതെങ്കില്‍ മോദി ഭരണം യുപിഎ സര്‍ക്കാരിനേക്കാള്‍ മോശമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ. ഇടതു സ്ഥാനാര്‍ഥി സി.കെ. നാണുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വടകര കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഇപ്പോള്‍ വലിയ വേവലാതിയിലാണ്.
രണ്ട് കൊല്ലം കൊണ്ട് തന്റെയും സര്‍ക്കാരിന്റെയും പ്രതിഛായ തകര്‍ക്കും വിധമാണു മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം. ഇക്കാരണത്താല്‍ ബിജെപി നേതാക്കള്‍ ഒന്നടങ്കം കേരളത്തില്‍ വന്ന് പ്രചാരണം നടത്തുകയാണെന്ന് ദേവഗൗഡ പറഞ്ഞു. മതേതര മുന്നണികളെ തമ്മിലടിപ്പിക്കാനാണ് അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ യുപിഎ ഭരണത്തില്‍ വിവിധ കമ്മീഷനുകള്‍ അന്വേഷിച്ച എല്ലാ അഴിമതി കേസുകളും തെളിഞ്ഞിട്ടുണ്ട്.
യുപിഎ ഭരണത്തില്‍ നടന്ന അഴിമതിയുടെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ നടന്നിട്ടുള്ളതെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. അഡ്വ.ഇ.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനതാദള്‍ സെക്കുലര്‍ ദേശീയ ജന.സെക്രട്ടറി ഡാനിഷ് അലി, ആര്‍. ഗോപാലന്‍, സ്ഥാനാര്‍ഥി സി.കെ. നാണു, പി.വിശ്വന്‍, എന്‍.സി.പി. നേതാവ് മുക്കം മുഹമ്മദ്, സോമന്‍ മുതുവന, എം.കെ. പ്രേംനാഥ്, കെ.ലോഹ്യ എന്നിവര്‍ സംസാരിച്ചു.