ചവറയില്‍ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ച് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

KLM-TANKERചവറ : ദേശീയപാതയില്‍ ചവറ പാലത്തില്‍ ഇന്നലെ രാത്രിയില്‍ ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി എതിരെ വന്ന എയര്‍ബസുമായി കൂട്ടിയിടിച്ചു. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങളും കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങളും വഴിതിരിച്ച് വിട്ടു. തെക്കുംഭാഗം -ദളവാപുരം വഴിയാണ് വാഹനങ്ങള്‍ തിരിച്ച് വിട്ടത്. ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസുകള്‍ മണിക്കുറോളം വൈകിയാണ് കൊല്ലത്ത് എത്തിയത്.

ഇത് കാരണം എറണാകുളം,തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാര്‍ വലഞ്ഞു. വഴിതിരിച്ച് വിട്ട റോഡില്‍ പലഭാഗങ്ങളിലും ഗതാഗതം തടസ്സം ഉണ്ടായതും യാത്രക്കാര്‍ക്ക് മറ്റൊരു ദുരിതമായി. രാത്രി 11.30 ഓടെ പാലത്തില്‍ കുടിങ്ങിയ വാഹനങ്ങള്‍ ക്രെയിന്‍ എത്തിച്ച് ഒരു മണിക്കൂര്‍ പരിശ്രമത്തിന് ശേഷമാണ് മാറ്റിയത്. ഇന്ധന ടാങ്കറിന്റെ മുന്‍ വശം കാബിന്‍ ഭാഗികമായി തകര്‍ന്നു. ടാങ്കറിനു്ള്ളില്‍ പെട്രോളും ഡീസലും ഉണ്ടായിരുന്നു. ഇത് കാരണം അതീവ ജാഗ്രതയോടെയാണ് വാഹനം മാറ്റിയത്.

ചവറ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇടുങ്ങിയ പാലമായതിനാല്‍ പലപ്പോഴും പാലത്തില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. അപകടത്തില്‍  ബസിലെ നാലുപേര്‍ക്ക് നിസാരപരിക്കുപറ്റി. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.  ഫയര്‍ഫോഴ്‌സ് ചവറ സ്റ്റേഷന്‍ മാസ്റ്റര്‍ ഗോപകുമാര്‍ ,കരുനാഗപ്പള്ളി സിഐ രാജപ്പന്‍ റാവുത്തര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് വാഹനങ്ങള്‍ നീക്കം ചെയ്തത്.

Related posts