പത്തനാപുരം: നിയോജക മണ്ഡത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാറിന് വേണ്ടി പ്രചാരണം നടത്താന്‍ സിനിമാ താരം മോഹന്‍ലാല്‍ എത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതും വോട്ട് അഭ്യര്‍ഥിക്കുന്നതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണ്. ഈ അടുത്ത കാലത്ത് മോഹന്‍ലാലിന് എതിരെയുണ്ടായ ആനങ്കൊമ്പ് വിവാദത്തില്‍ ചില സുപ്രധാന തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നും ഈ തെളിവുകള്‍ പുറത്തു വിടുമെന്നും പറഞ്ഞ് മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെ മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയതാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
പത്തനാപുരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരിക്കെ ഗണേഷ്കുമാര് സിനിമാ താരങ്ങളെ ഇറക്കി വോട്ട് പിടിച്ചതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത ഇടതുമുന്നണി ഇപ്പോള്‍ ഗണേഷ്കുമാറിന്റെ ചെപ്പടി വിദ്യകള്‍ക്ക് കൂട്ടുനില്ക്കുന്നതില് ഖേദമുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.