അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള ജനവിധി: കോടിയേരി ബാലകൃഷ്ണന്‍

KNR-KODIERIതലശേരി: കേരളത്തിലെ യുഡിഎഫിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജൂണിയര്‍ ബേസിക് സ്കൂളില്‍ കുടുംബത്തോടൊപ്പം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി. വര്‍ഗീയതയ്ക്കും അഴിമതിക്കുമൊപ്പം സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത സര്‍ക്കാരിനെതിരേയുള്ള സ്ത്രീകളുടെ പ്രതിഷേധവുമാണ് ഈ തെരഞ്ഞെടുപ്പില്‍ അലയടിക്കുക. ഒപ്പം നരേന്ദ്രമോദിയുടെ രണ്ടുവര്‍ഷത്തെ ഭരണവും രാജ്യത്തുണ്ടായിട്ടുള്ള വര്‍ഗീയ കോര്‍പറേറ്റ് വത്കരണവും വിലക്കയറ്റവും ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കാനിടയാക്കും.

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. താമര കേരളത്തില്‍ വിരിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. നൂറുസീറ്റിലധികം നേടി ഇടതുമുന്നണി ചരിത്രവിജയം നേടും. യുവതി യുവാക്കള്‍ ആവേശത്തോടെയാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ശക്തമായ പോളിംഗ് ശതമാനം ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കും. യുഡിഎഫിലെ അഴിമതിക്കാരെ അന്വേഷിച്ച് കണ്ടെത്തി കല്‍തുറങ്കിലടക്കും.

വിജിലന്‍സ് ആന്റീ കറപ്ഷന്‍സ് ബ്യൂറോ സ്വതന്ത്രഏജന്‍സിയാകും. ബിഡിജെഎസ് താത്കാലിക പ്രതിഭാസമാണ്. ഹെലികോപ്റ്ററും ആകാശപറക്കലും കുറച്ചു സാമ്പത്തികവുമാണ് ഇവര്‍ക്ക് മിച്ചമുണ്ടാകുക. ആത്മഹത്യാപരമായ നീക്കമാണ് ബിഡിജെഎസ് നടത്തിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

Related posts