പന്തളം: അടൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാ ര്‍ത്ഥിയെ ഒപ്പം നിന്നവര്‍ പോലും സഹായിച്ചില്ലെന്ന് അടൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിമര്‍ശം. ജയസാധ്യത സംബന്ധിച്ച് കെപിസിസി ആവശ്യപ്പെട്ട സര്‍വേ പ്രകാരമാണ് കെ.കെ.ഷാജുവിന് സീറ്റ് നല്‍കിയത്. മണ്ഡലത്തില്‍ യോഗ്യരായ മറ്റ് പലരുണ്ടായിട്ടും ജയസാധ്യത ഷാജുവിനായിരുന്നു എന്ന കണ്ടെത്തലാണ് സ്ഥാ നാര്ത്ഥിത്വത്തിനു ആധാരമാക്കിയത്. കെപിസിസി ഇത് അംഗീകരിച്ച സ്ഥിതിക്ക് ഷാജുവിനെ വിജയിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍, പ്രചാരണത്തിനു ഒപ്പം നിന്നവര്‍ പോലും വോട്ട് മറിച്ചതായാണ് ഫലം വ്യക്തമാക്കുന്നതെന്നും അടൂരില്‍ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിച്ച നേതാക്കള്‍ വിലയിരുത്തുന്നു. മണ്ഡലം വീണ്ടും നഷ്ടമാക്കിയത് അടൂരിലെ നേതൃത്വത്തിന്റെ ദുര്‍വാശിയാണെന്ന് മറുപക്ഷവും ആരോപിക്കുന്നു. തേരകത്ത് മണി, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍ എന്നിവരാണ് ഷാജുവിനു വേണ്ടി വാദിച്ചതെന്നും തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ജില്ലാ യുഡിഎഫ് യോഗത്തില്‍ കെപിസിസി പ്രസിഡന്റ് ഇത് തുറന്നു പറഞ്ഞിരുന്നെന്നും അവര്‍ പറയുന്നു.
മറ്റ് പലരെയും ഒഴിവാക്കി ഷാജുവിനു സ്ഥാനാര്‍ത്ഥിത്വം നല്‍കിയവര്‍ക്ക് തന്നെ അദ്ദേഹത്തെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും കെപിസിസി പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞിരുന്നുവത്രെ. ഇത്ര ദയനീയ പരാജയത്തിലേക്ക് യുഡിഎഫ് കൂപ്പുകുത്തിയത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് തന്നെയാണെന്നാണ് മുന്നണിക്കുള്ളിലെ പൊതു വിമര്‍ശവും. യുഡിഎഫിനു ഉറച്ച പിന്തുണ നല്കി പോന്ന തുമ്പമണ്‍ പഞ്ചായത്തില്‍ പോലും ലീഡ് 300ല്‍ താഴെയായി കുറഞ്ഞു. പന്തളം നഗരസഭയില്‍ രണ്ട് ബൂത്തുകളില്‍(മുടിയൂര്‍ക്കോണം, തോട്ടക്കോണം) മാത്രമാണ് ഷാജുവിനു ലീഡുള്ളത്. മൂന്ന് കെപിസിസി അംഗങ്ങളുള്ള പന്തളത്ത് ഇത്രത്തോളം വോട്ട് കുറഞ്ഞതും വലിയ ചര്‍ച്ചയായിട്ടുണ്ട്.