വിധിക്കെതിരേ പൊരുതികിട്ടിയ നേട്ടവുമായി റോഷ്‌നി

KLM-SSLCപത്തനാപുരം: വിധിക്കെതിരേ പൊരുതി കിട്ടിയ നേട്ടവുമായി റോഷ്‌നി. പട്ടാഴി ഗ്രാമപഞ്ചായത്തിലെ മൈലാടും പാറ പാറവിള പുത്തന്‍ വീട്ടില്‍ രമേഷ് ബാബു-ശാലിനി ദമ്പതികളുടെ മകള്‍ റോഷ്‌നി (16) ആണ് ഇന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് നേടി വിധിക്കെതിരെ പൊരുതുന്നത്.നാല് വര്‍ഷം മുമ്പ് തങ്ങളെ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ ഇന്ന് എവിടെയാണന്ന് ഇവര്‍ക്കറിയില്ല. പക്ഷേ ഇന്ന് തുണയായുളളത് മുത്തശി കല്ല്യാണിയമ്മ മാത്രം. ജീവിക്കാന്‍ ഒരു നിവര്‍ത്തിയും ഇല്ലാതായപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കായംകുളം കരിമുളയ്ക്കലിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് സഹോദരങ്ങളായ അരുണ്‍ (10) അഖില്‍ (ഒമ്പത്) നിഖില്‍ (എട്ട്) എന്നിവരെ മാറ്റിയതോടെ റോഷ്‌നിയും മുത്തശിയും തനിച്ചായി.

നാട്ടില്‍ നടക്കുന്ന ഓരോ ദിവസത്തെ സംഭവങ്ങളും ഈ മുത്തശിയുടെ ഉളളില്‍ തീയാണ് പടര്‍ത്തുന്നത്. പത്തനാപുരം മൗണ്ട് താബോര്‍ സ്കൂളില്‍ നിന്നും 75 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ച റോഷ്‌നിക്ക് ഡോക്ടറാകാനാണ് ആഗ്രഹം. എന്നാല്‍ പ്‌ളസ് ടു വിന് സയന്‍സ് എടുത്ത് പഠിക്കാനാകുമോ എന്ന് സംശയമുണ്ട്. അതുകൊണ്ട് വിഎച്ച്എസ്‌സിക്കാണ് അപേക്ഷ നല്‍കിയത് . ചില സുമനസുകളുടെ സഹായത്തോടെയാണ് ഇതുവരെ പഠനം നടന്നത്. സ്വന്തമായി ഉണ്ടായിരുന്ന വീടും വസ്തുവും വിറ്റ് കിട്ടിയ പണവുമായാണ് അച്ഛനും അമ്മയും രണ്ട് വഴിക്ക് പോയത്.

മുത്തശി കല്യാണിയമ്മ എഴുപതാം വയസിലും കശുവണ്ടി ഫാക്ടറിയില്‍ പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ രണ്ട് മാസമായി ജോലി ഇല്ലാതായതോടെ തീര്‍ത്തും ദുരിതത്തിലാണ് ഇവര്‍. സ്കൂള്‍ അവധിയായതിനാല്‍ സഹോദരങ്ങള്‍ ചേച്ചിയെയും അമ്മൂമ്മയേയും കാണാന്‍ എത്തിയിട്ടുണ്ട്.”ഞങ്ങള്‍ പഠിച്ച് വലുതാകുമ്പോ അമ്മൂമ്മയേയും ചേച്ചിയേയും പൊന്നു പോലെ നോക്കുമല്ലോ’ എന്ന് കുഞ്ഞു സഹോദരങ്ങള്‍ പറയുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെ കരളലയിപ്പിക്കും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വൈദ്യുതിയില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് റോഷ്‌നി പത്താം ക്ലാസ് പരീക്ഷയില്‍ ്തിളക്കമാര്‍ന്ന വിജയം നേടിയെടുത്തത്.

ശക്തമായ മഴപെയ്താല്‍ ഏതു നിമിഷവും തകര്‍ന്നു വീഴാറായ കൂരയ്ക്കുളളില്‍ ആണ് ഇവരുടെ താമസം. പെരുമ്പാവൂരിലെ ജിഷയുടെ മരണത്തിന് ശേഷം കല്യാണി മുത്തശിയും ഉറങ്ങിയിട്ടില്ല.പഞ്ചായത്തില്‍ നിന്നും വീട് വച്ച് നല്‍കാന്‍ തയ്യാറാണെന്ന് പട്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മീനം രാജേഷ് പറഞ്ഞു. പക്ഷേ സുമനസുകളാരെങ്കിലും ഇവര്‍ക്ക് കൂരയ്ക്കുള്ള വസ്തു നല്‍കണം. ആരെങ്കിലും സഹായ ഹസ്തവുമായി വരുമോ എന്ന പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ഇവര്‍ തളളി നീക്കുന്നത്.

Related posts