തലശേരി: പട്ടാപ്പകല്‍ അധ്യാപികയെ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം സാക്ഷിയായ വലിയ പറമ്പില്‍ മുഹമ്മദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകല സുരേഷിന്റെ മുമ്പാകെ ഇന്നലെ വിസ്തരിച്ചു. പ്രതിയെ രണ്ടാം സാക്ഷിയും കോടതിയില്‍ തിരിച്ചറിഞ്ഞു. നമസ്കരിക്കാനായി പള്ളിയിലെത്തി വുളു എടുക്കാന്‍ തുടങ്ങുമ്പോള്‍ തൊട്ടടുത്ത റെയില്‍വേ ട്രാക്കിന് സമീപത്തു നിന്നും സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടു നോക്കിയപ്പോള്‍ കറുത്ത കൈകള്‍ കൊണ്ട് ഒരാള്‍ സ്ത്രീയുടെ വായ പൊത്തിപ്പിടിക്കുന്നത് കണ്ടു.
താന്‍ ഓടിയെത്തുമ്പോള്‍ പ്രതി കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നുവെന്നും അപ്പോഴേക്കും കരച്ചില് കേട്ട രണ്ടുപേര്‍ കൂടി സംഭവ സ്ഥലത്ത് ഓടിയെത്തിയിരുന്നു. ഞങ്ങളെ കണ്ട പ്രതി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്നും മുഹമ്മദ് കോടതിയില്‍ മൊഴി നല്കി.കേസിലെ പ്രതി തമിഴ്നാട് സേലം മാരിയമ്മന്‍ കോവിനു സമീപമുള്ള സെല്‍വരാജിനെ (28)യാണ് രണ്ടാംസാക്ഷിയും ഇന്നലെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തില്‍ പീഡന ശ്രമത്തിനിരയായ അധ്യാപികയും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. വിസ്താരം ജൂണ്‍ രണ്ടിന് തുടരും.
നാലുമുതല്‍ ഏഴുവരെയുള്ള സാക്ഷികളെയാണ് അന്ന് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എം.ജെ ജോണ്‍സനും പ്രതിക്കു വേണ്ടി കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണ് ഹാജരാകുന്നത്. 2011 സെപ്റ്റംബര്‍ 20 ന് കുയ്യാലി റെയില്‍വേ ട്രാക്കിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയി കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.