മോഷണം: രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് പിടികൂടി

ekm-arrestbengaliപെരുമ്പാവൂര്‍: പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും മോഷണങ്ങള്‍ പതിവാക്കിയ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് പിടികൂടി.  പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കാളിഗഞ്ച് സ്വദേശി താന്‍ജു സര്‍ക്കാര്‍ (22), ഷിനിഗണ്ടിയാര്‍ സ്വദേശി അജിത് സര്‍ക്കാര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. സൗത്ത് വല്ലം, മക്ക കടവ്, മാവിന്‍ചുവട്, പാലക്കാട്ടുതാഴം, മുടിക്കല്‍ പ്രദേശങ്ങളിലെ ഏഴോളം വീടുകളില്‍ ഇവര്‍ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു.

പകല്‍ സമയം മേസന്‍ പണികള്‍ക്ക് പോയിരുന്ന ഇവര്‍ സമീപത്തെ വീടുകള്‍ നീരക്ഷിച്ച ശേഷം പുലര്‍ച്ചയെത്തി മോഷണം നടത്തുകയാണ് പതിവ്.  പുലര്‍ച്ചെ വീടുകളുടെ പരിസരങ്ങളിലെത്തി ജനല്‍ വഴി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാലകള്‍ പൊട്ടിക്കുകയും മൊബൈല്‍ ഫോണുകളും മറ്റും കവരുന്നതാണ് ഇവരുടെ മോഷണ രീതി.  മാവിന്‍ചുവടുള്ള ഒരു സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ താമസിച്ചാണ് ഇവര്‍ മോഷണങ്ങള്‍ നടത്തി വന്നിരുന്നത്. പ്രദേശങ്ങളില്‍ മോഷണങ്ങള്‍ വ്യാപകമാണെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു.

ഇവരുടെ പക്കല്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ എസ്‌ഐ പി.എ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മോഷണം നടത്തുകയോ മോഷണ വസ്ഥുക്കള്‍ വില്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്നും അന്യേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ പതിനാല് ദിവസത്തോക്ക് റിമാന്‍ഡ് ചെയ്തു.

Related posts