കണ്ണൂര്‍: കേരളത്തില്‍ ഒരൊറ്റ ബിജെപിക്കാരെയും നിയമസഭ കയറ്റാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ ഇരുമുന്നണികളുടെയും നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് നിയുക്ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ഒ. രാജഗോപാലിന്റെ നിമയസഭാ പ്രവേശം ചരിത്രസംഭവമാക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിജയയാത്രയ്ക്ക് കണ്ണൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരു വിജയിക്കണം, ആരു തോല്‍ക്കണമെന്നത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ബിജെപി നിയമസഭയില്‍ കയറണമെങ്കില്‍ വിസിറ്റേഴ്‌സ് പാസ് വാങ്ങി ഗാലറിയില്‍ ഇരിക്കണമെന്ന എ.കെ. ആന്റണിയുടെ പരിഹാസത്തിന് ജനം ഉത്തരം നല്‍കി. 30 ലക്ഷം വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു ലഭിച്ചത്. പലരും തന്നെ കളിയാക്കാറുണ്ട്. 16 പ്രാവശ്യം മത്സരിച്ചു തോറ്റ ആളാണെന്ന്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ളത് ഞാന്‍ സ്വാര്‍ഥ താല്‍പര്യത്തിനല്ല മത്സരിക്കുന്നത്. ഒരു പ്രത്യയശാസ്ത്രം ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ്. കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ഉറപ്പായിട്ടുപോലും മത്സരിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് മുതലാളിത്ത ആശയമല്ല. ധര്‍മത്തിനുവേണ്ടിയുള്ള ഭരണമാണ് ഇവിടെ വേണ്ടതെന്നും എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
ഒ. രാജഗോപാലിന്റെ വിജയയാത്ര കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചുകുട്ടികളെ പോലും വെട്ടിനുറുക്കുന്ന അക്രമരാഷ്ട്രീയമാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ അരങ്ങേറുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു. നാളിതുവരെ കേള്‍ക്കാത്ത ഒരു പുതിയ ശബ്ദമായിരിക്കും രാജഗോപാലിലൂടെ കേരള നിയമസഭയില്‍ മുഴങ്ങുക. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്ന കൊലയാളി വര്‍ഗങ്ങള്‍ക്കെതിരേ നിയമസഭയില്‍ ഞങ്ങള്‍ ശബ്ദമുയര്‍ത്തും.
പാവപ്പെട്ട ജനങ്ങളെ ചവിട്ടിമെതിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത ഇരുമുന്നണികള്‍ക്കെതിരേയും തുടര്‍ന്നും ബിജെപി പോരാട്ടം തുടരുമെന്നും കുമ്മനം പറഞ്ഞു.വിജയയാത്രയ്ക്ക് മുന്നോടിയായി പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതി മണ്ഡപത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ വിവരിച്ച് ബിജെപി ധര്‍മടം മണ്ഡലം പ്രസിഡന്റ് ആര്‍.കെ. ഗിരിധരന്‍ രാജഗോപാലിന് ആദ്യ നിവേദനം നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കുമ്മനം രാജശേഖരന്‍, സി.കെ. പദ്മനാഭന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, വി.വി. രാജേഷ്, അരയാക്കണ്ടി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.