ഉത്തര്‍പ്രദേശില്‍ പോലീസും കൈയേറ്റക്കാരും തമ്മില്‍ സംഘര്‍ഷം; എസ്പിയടക്കം 21 പേര്‍ കൊല്ലപ്പെട്ടു; മരിച്ച പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20ലക്ഷം വീതം ധനസഹായം

Upമഥുര: ഉത്തര്‍പ്രദേശില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസും കൈയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു.  അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മഥുരയിലെ ജവഹര്‍ ബാഗിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയിലാണ് സംഭവം. മഥുര എസ്പി മുകുള്‍ ദ്വിവേദിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൈയേറ്റക്കാര്‍ ആയുധങ്ങളും തോക്കുകളും കരുതിയിരുന്നതായി പോലീസ് പറയുന്നു. കൂടുതല്‍ പോലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.

ജവഹര്‍ ബാഗില്‍ നിയമവിരുദ്ധമായി ഭൂമി കൈയേറ്റിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കാനുള്ള പോലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസിനുനേരേ 3000ല്‍ അധികം വരുന്ന പ്രവര്‍ത്തകര്‍ കല്ലെറിയുകയും വെടിവയ്ക്കുകയും ചെയ്തതോടെയാണ്  പോലീസും തിരിച്ചു വെടിവച്ചത്. കണ്ണീര്‍ വാതകവും പ്രയോഗിച്ചു.  അക്രമത്തില്‍ പങ്കുള്ള 200ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് 20ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് യുപി സര്‍ക്കാരിനോട് വിശദീകരണം തേടി.

Related posts