പി. പ്രശാന്ത്
പേരൂര്‍ക്കട: നഗരസഭയുടെ സമ്പൂര്‍ണ ഭവനപദ്ധതിപ്രകാരം വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ മലമുകളില്‍ നിര്‍മാണം തുടങ്ങിയ വീടുകളുടെ പണി പാതിവഴിയില്‍ നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുമുമ്പാണ് മലമുകള്‍ കടുവാക്കുഴി ഭാഗത്ത് ഒരേക്കറോളം വരുന്ന ഭാഗത്ത് വീടുകളുടെ നിര്‍മാണം ആരംഭിച്ചത്. നഗരസഭയിലെ 100 വാര്‍ഡുകളില്‍നിന്ന് അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ ലിസ്റ്റ് നഗരസഭ തയ്യാറാക്കിയിരുന്നു. ബിപിഎല്ലുകാര്‍ക്ക് മൂന്നു ലക്ഷത്തോളം രൂപയും എപിഎല്ലുകാര്‍ക്ക് 2.5 ലക്ഷത്തോളം രൂപയുമാണ് വീടു നിര്‍മാണത്തിന് അനുവദിക്കുന്നത്. ഗുണഭോക്താക്കള്‍ വീടുകള്‍ക്കുള്ള സ്ഥലം കണ്ടെത്തി നഗരസഭയെ അറിയിക്കണം.
വസ്തുവിനുള്ള പണം നല്‍കുന്നതും ഗുണഭോക്താക്കള്‍ക്ക് വീടിനുള്ള തുക ഗഡുക്കളായി നല്‍കുന്നതും നഗരസഭതന്നെ. 5 ഗഡുക്കളായാണ് തുക അനുവദിക്കാന്‍ തീരുമാനമായിരുന്നത്. ഇതില്‍ 3 ഗഡുക്കള്‍ മാത്രമേ നല്‍കിട്ടുയുള്ളൂ. അതിനിടെയാണ് പ്രദേശത്തെ വീടുകളുടെ നിര്‍മാണം നിലച്ചത്. ഗുണഭോക്താക്കള്‍ അവരവരുടെ ഉത്തരവാദിത്വത്തില്‍ വേണം വീടുനിര്‍മാണം ആരംഭിക്കാന്‍. 3 സെന്റോളം സ്ഥലം ഉണ്ടാകും ഓരോ വീടിനും. ആവശ്യമായ വഴിസൗകര്യമില്ലാത്തതും നിര്‍മാണ സാമഗ്രികളുമായി വാഹനങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തതുമാണ് കടുവാക്കുഴിയിലെ ഭവനനിര്‍മാണം നിലയ്ക്കാന്‍ കാരണമെന്ന് മുന്‍ കാച്ചാണി വാര്‍ഡ് കൗണ്‍സിലര്‍ രമ പറയുന്നു. ഹോളോബ്രിക്‌സ് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ച വീടുകള്‍ എല്ലാം പാതിവഴിയിലാണ്.
ചില വീടുകളില്‍ ജനാലകള്‍ പിടിപ്പിച്ചിട്ടുണ്ട്. മറ്റുചില വീടുകള്‍ക്ക് അടിസ്ഥാനം മാത്രമേയുള്ളൂ. 20 ഓളം വീടുകളുടെ നിര്‍മാണമാണ് പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. പണിപൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെ നാലുപാടും കാടുകയറിക്കിടക്കുന്ന അവസ്ഥയാണിപ്പോള്‍. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും സാമൂഹികവിരുദ്ധശല്യവും മദ്യപാനവും പതിവായിരിക്കുന്നതിനാല്‍ പരിസരവാസികള്‍ ബുദ്ധിമുട്ടിലാണ്. കടുവാക്കുഴി കാച്ചാണി വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണെങ്കിലും വിവിധ വാര്‍ഡുകളില്‍നിന്ന് നഗരസഭ ഗുണഭോക്താക്കളെ കണ്ടെത്തിയിരിക്കുന്നതിനാല്‍ വീട് നിര്‍മാണം ഉപേക്ഷിച്ച് പോയവര്‍ ആരൊക്കെയെന്ന് കണ്ടെത്തുന്നത് പ്രയാസമാണെന്നു കാച്ചാണിയിലെ ഇപ്പോഴത്തെ വാര്‍ഡ് കൗണ്‍സിലര്‍ ടി. ബാലന്‍ പറഞ്ഞു.