കണ്ണൂര്‍: കാപ്പാ നിയമപ്രകാരം പോലീസ് പ്രതിയാക്കിയ സിപിഎം പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്നു കണ്ണൂര്‍ പോലീസ് പിടികൂടി. ചാലാട് പഞ്ചാബി റോഡിലെ മൂര്‍ക്കോത്ത് ജിതിന്‍ദാസ് എന്ന ദാസപ്പനെ (28) യാണ് സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്. കണ്ണൂര്‍, വളപട്ടണം പോലീസ് സ്‌റ്റേഷനുകളിലെ വധശ്രമക്കേസുള്‍പ്പെടെ 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്നു സിഐ അനില്‍കുമാര്‍ പറഞ്ഞു. ബംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തിച്ച പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ജനുവരി നാലിന് മണല്‍ കാസനക്കോട്ട റോഡില്‍ തുള്ളംപൊയില്‍ അക്ഷയിയെ (19) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് അറസ്റ്റ്. ജിതിന്‍ദാസ് ഉള്‍പ്പെടെ ആറു പ്രതികളാണ് ഈ കേസിലുള്ളത്. ഇതില്‍ അഞ്ചുപേരും പിടിയിലായി. നിതിന്‍ എന്ന പ്രതി മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം തളാപ്പില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും ജിതിന്‍ദാസ് മുഖ്യപ്രതിയാണ്. ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് ബൈക്കുകള്‍ ഓടിച്ചുകയറ്റി പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജിതിന്‍ ദാസിന്റെ നേതൃത്വത്തില്‍ എണ്‍പതോളം ബൈക്കുകളുമായി എത്തിയ സംഘം ആഹ്ലാദ പ്രകടനം അലങ്കോലമാക്കുകയും ബിജെപി പ്രവര്‍ത്തകന്‍ ഷാജിനെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ മുങ്ങുകയായിരുന്നു.