കാവശേരിയില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ആക്രമണം

PKD-AAKRAMANMആലത്തൂര്‍: കാവശേരിയില്‍ ബിജെപി തരൂര്‍ മണ്ഡലം സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം നടത്തി. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കാവശേരി കല്ലേപ്പുള്ളി പുത്തന്‍വീട്ടില്‍ മോഹനന്റെ വീടിനു നേര്‍ക്കായിരുന്നു ആക്രണം. സമീപത്തെ തെരുവുവിളക്കുകള്‍ അണച്ചശേഷം ബിയര്‍കുപ്പികള്‍ വീടിനുനേരെ എറിയുകയായിരുന്നു.  ശബ്ദംകേട്ട് വീട്ടുകാര്‍ ഉണരുമ്പോഴേയ്ക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബിയര്‍ കുപ്പികള്‍ വീടിന്റെ പോര്‍ച്ചിലും മുറ്റത്തും ചിതറികിടക്കുകയാണ്.

ഗേറ്റിനു മുകളില്‍കൂടി പുറത്തുനിന്നും എറിഞ്ഞ  കുപ്പികളില്‍ ചിലത്  ബീമുകളില്‍ തട്ടി പൊട്ടിച്ചിതറുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയശേഷമാണ് വാതില്‍ തുറന്ന് പുറത്തിറങ്ങിയതെന്ന് മോഹനന്റെ ഭാര്യ ശാന്തകുമാരി പറഞ്ഞു. ഇവര്‍ക്കു പുറമേ മകന്‍ ശ്യാം, ചെറിയമ്മ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ആലത്തൂര്‍ സിഐ ആര്‍.റാഫി, എസ്‌ഐ എ.പ്രതാപ് എന്നിവര്‍ സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

Related posts