സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: പൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായത് പോലീസ്. മദ്യപിച്ച് അബോധാവസ്ഥയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി ലക്ഷ്മണിനെ(30) മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് പോലീസാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായപ്പോൾ പോകാൻ പൈസയില്ലാത്ത അവസ്ഥയിൽ ലക്ഷ്മണന് തുണയായതും പോലീസു തന്നെ.
ചേർപ്പ് – അമ്മാടം മേഖലയിലെ സിമന്റ് കട്ട നിർമാണ കന്പനിയിലെ തൊഴിലാളിയായ ലക്ഷ്മണൻ അവധിദിവസം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെത്തി മദ്യപിക്കുകയും ബോധം നശിക്കുകയും ചെയ്തു. ലക്ഷ്മണന് ബോധം നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കൾ മുങ്ങി. രാത്രി തേക്കിൻകാട് മൈതാനിയിൽ ഇരുട്ടത്ത് കിടന്നിരുന്ന ഇയാളുടെ പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണും നഷ്ടമായിരുന്നു. തേക്കിൻകാട് മൈതാനിയിലെ സ്ഥിരം മോഷ്ടാക്കളാണ് ഇയാളുടെ പണം കവർന്നതെന്ന് കരുതുന്നു.
രാത്രികാല പട്രോളിംഗിനെത്തിയ പോലീസ് ലക്ഷ്മണിനെ ആദ്യം കോർപറേഷൻ ജനറൽ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. രാവിലെ ബോധം തിരിച്ചുകിട്ടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയപ്പോഴാണ് ലക്ഷ്മണന് ശരിക്കും ബോധം പോയത്.
മുളങ്കുന്നത്തുകാവിൽ നിന്ന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാൻ വഴിയും അറിയില്ല കൈയിൽ പൈസയുമില്ല. കത്തിക്കാളുന്ന വിശപ്പും. എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു നിൽക്കുന്ന ഇയാളുടെ അവസ്ഥ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ സതീഷ്കുമാറിനെ അറിയിച്ചു.
തുടർന്ന് സതീഷ്കുമാറെത്തി ലക്ഷ്മണിന് പ്രഭാതഭക്ഷണം വാങ്ങിക്കൊടുക്കുകയും ജോലിസ്ഥലത്തെത്തിയാൽ ഓട്ടോറിക്ഷയ്ക്ക് വാടക നൽകാമെന്ന് ലക്ഷ്മണൻ സമ്മതിച്ചതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ നിന്നും അമ്മാടം ഭാഗത്തേക്ക് ഓട്ടോ പിടിച്ച് ലക്ഷ്മണിനെ കയറ്റി വിടുകയും ചെയ്തു.