കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ് സംഘം. നാലു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. കേസിലെ അഴിമതിയെക്കുറിച്ച് പ്രതികൾ ഒരുകാര്യവും പറയുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ വിജിലൻസ് പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിർമാണ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ(ആർബിഡിസികെ) മുൻ അഡീഷണൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് അറസ്റ്റിലായവർ. സെപ്റ്റംബർ 12 വരെ പ്രതികളെ റിമാൻഡ് ചെയ്യണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യമെങ്കിലും കോടതി അനുവദിച്ചില്ല.
സെപ്റ്റംബർ രണ്ടുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതികളുടെ ജാമ്യാപേക്ഷയും കോടതി അന്നേദിനം പരിഗണിക്കും. ഈ കുറ്റം കൂടാതെ 34 കേസുകളിൽ ടി.ഒ. സൂരജ് പ്രതിയാണെന്നുള്ള കാര്യം ഉൾപ്പെടെ പ്രത്യേകം ചൂണ്ടിക്കാട്ടിയാണു പ്രതികൾക്കെതിരേയുള്ള റിമാൻഡ് റിപ്പോർട്ട് വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചത്. 2013-17 കാലഘട്ടത്തിൽ മൂന്നും നാലും പ്രതികൾ ഗൂഡാലോചന നടത്തി പാലം നിർമാണത്തിൽ കോണ്ട്രാക്ടറുമായി ചേർന്ന് അഴിമതി നടത്തിയെന്നാണ് കേസ്.
അന്വേഷണത്തിന്റെ ഭാഗമായി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ(ആർബിഡിസികെ), കേരള റോഡ് ഫണ്ട് ബോർഡ്(കെആർഎഫ്ബി), കിറ്റ്കോ എന്നീ സ്ഥാപനങ്ങളിൽനിന്നുമായി 147 ഫയലുകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പ്രഥമദൃഷ്ട്യാ അന്വേഷണത്തിൽ സുമിത് ഗോയലും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും അഴിമതി നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് വിജിലൻസ് കോടതിയിൽ അറിയിച്ചത്. 29 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്.
സാന്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കരാറുകാരായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയലിന് കുറഞ്ഞ തുകയ്ക്ക് മേൽപ്പാലത്തിന്റെ കോൺട്രാക്ട് നൽകി. കോണ്ട്രാക്ടിന്റെ പ്രീ ബിഡ് മീറ്റിംഗിൽ ഫണ്ടിന് ബുദ്ധിമുട്ടുണ്ടെന്നു സർക്കാർ പറഞ്ഞെങ്കിലും രണ്ട് മുതൽ നാലുവരെ പ്രതികൾ ഗൂഡാലോചന നടത്തി അഡ്വാൻസായി 8.25 കോടി അനുവദിപ്പിച്ചു. ഈ തുക കോണ്ട്രാക്ടറുടെ കടങ്ങൾ തീർക്കാൻ ഉപയോഗിച്ചപ്പോൾ പാലത്തിന്റെ നിർമാണത്തിലും ബലത്തിലും കുഴപ്പങ്ങൾ വരുവാൻ ഇടയായി.
ടെൻഡർ ഡോക്യുമെന്റിനു വിരുദ്ധമായി പ്രവർത്തിച്ചെന്നാണു രണ്ടാം പ്രതിയായ എം.ടി. തങ്കച്ചനെതിരേയുള്ള ആരോപണം. കോണ്ട്രാക്ടർക്ക് പാലം പണി ലഭിക്കുവാൻ ബിഡ് ഓപ്പണിംഗ് രജിസ്റ്ററിൽ കൃത്രിമം നടത്തി. പാലം നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ കഴിയില്ലെന്ന് മനസിലാക്കിയിട്ടും കോണ്ട്രാക്ടറുടെ അപേക്ഷ ആർബിഡിസികെയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചതിലൂടെ അഴിമതി നടത്തി. ഫ്രീ ബിഡ് മീറ്റിംഗിൽ നിർമാണ ഫണ്ടിന്റെ കാര്യം പറഞ്ഞിരുന്നെങ്കിൽ ഇതിലും കുറഞ്ഞ തുകയ്ക്ക് മറ്റുള്ളവർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമായിരുന്നു.
പിഡബ്ല്യുഡി മാനുവലിലെ നിയമങ്ങൾക്ക് വിരുദ്ധമായും എം.ടി. തങ്കച്ചൻ പ്രവർത്തിച്ചു. പിഡബ്ള്യുഡി സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജാണ് 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസായി അനുവദിച്ചത്. ഫണ്ടിന്റെ പലിശ വളരെ കുറവായിരുന്നു. പണിപൂർത്തിയാക്കി ബില്ല് നൽകുന്പോൾ അഡ്വാൻസ് തുക 30 ശതമാനംവീതം തിരിച്ച് പിടിക്കണമെന്നുണ്ട്.
ഈ കണക്ക് സൂരജിന്റെ ഇടപെടലുപയോഗിച്ച് 10 ശതമാനമാക്കി കുറച്ചു. ഇതിലൂടെ സർക്കാരിന് 20 ശതമാനത്തിന്റെ നഷ്ടമുണ്ടായി. ആർബിഡിസികെയെ ബന്ധപ്പെടുത്താതെ നേരിട്ട് കോണ്ട്രാക്ർക്ക് ഫണ്ട് നൽകിയും സൂരജ് ഔദ്യോഗിക പദവി ദുർവിനയോഗം ചെയ്തെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. വിജിലൻസിനുവേണ്ടി എറണാകുളം യൂണീറ്റ് ഡിവൈഎസ്പി ആർ. അശോക് കുമാറാണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തത്.