മുണ്ടക്കയം: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ബൈപാസ് നിർമാണം പൂർത്തിയായി ഗതാഗതയോഗ്യമായിട്ടും മുണ്ടക്കയം ടൗണ് ഇപ്പോഴും ഗതാഗതക്കുരുക്കിൽ തന്നെ. സ്കൂൾ സമയത്തും അവധി ദിവസങ്ങളിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ചെറിയ പ്രകടനങ്ങളോ കൂടുതൽ വാഹനങ്ങളോ ടൗണിലെത്തിയാൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും.
എന്നാൽ, ഈ സമയങ്ങളിൽ ബൈപ്പാസ് റോഡ് ശൂന്യമായിരിക്കും. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ, ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോസ്വേ പാലത്തു നിന്നാരംഭിച്ച് വെള്ളനാടി റോഡിലെത്തി പൈങ്ങണായിലെത്തുന്നതാണ് ബൈപ്പാസ്.
ടൗണിനോട് ചേർന്നുള്ള ബൈപ്പാസിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗും മത്സ്യ വിൽപ്പനയുമാണ് ഏറെയും. കൂടാതെ ബൈപ്പാസിന്റെ ആരംഭത്തിലും പൈങ്ങണായിലും വലിയ വാഹനങ്ങളുടെ പാർക്കിംഗുമാണ് നടക്കുന്നത്.
ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ള ദീർഘദൂര യാത്രക്കാരെ ബൈപ്പാസ് വഴി തിരിച്ചു വിടാത്തതും വലിയ ചരക്ക് വാഹനങ്ങൾ പലപ്പോഴും ടൗണിലൂടെ പോകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വേണ്ട മുന്നറിയിപ്പു ബോർഡുകൾ പോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പോലീസിനെയും നിയോഗിച്ചിട്ടില്ല. ടൗണിൽ ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ ചുമതലപ്പെടുത്തിട്ടുണ്ടെങ്കിലും വാഹന യാത്രക്കാർക്കോ വ്യാപാരികൾക്കോ പ്രയോജനമില്ല. സാധനങ്ങൾ വാങ്ങാൻ ടൗണിലെത്തുന്നവർ കടകളുടെ മുന്പിൽ വാഹനം പാർക്കു ചെയ്താൽ വാഹനം പോകുന്നതു വരെ വിസിൽ ഉൗതുകമാത്രമേയുള്ളു.
ഹോം ഗാർഡും പോലീസും വാഹന യാത്രക്കാരും തമ്മിൽ പാർക്കിംഗിനെ ചൊല്ലി തർക്കം പതിവാണ്. തിരക്കേറുന്ന രാവിലെയും വൈകുന്നേരവും പോലീസ് ബൈപ്പാസിലൂടെ ദീർഘദൂരയാത്രക്കാരെയും ചരക്കു വാഹനങ്ങളെയും വഴിതിരിച്ചു വിട്ടാൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കോ തിരികെയോ ഉള്ള വാഹനങ്ങൾ തിരക്കുള്ള സമയങ്ങളിലെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ച് ബൈപ്പാസ് വഴി തിരിച്ചു വിടണമെന്നആവശ്യം ശക്തമാണ്.
ഹൈറേഞ്ചിൽ നിന്നുള്ള വാഹനങ്ങൾ മുളങ്കയം പാലം വഴി കോസ്വേയിൽ കയറി ബൈപ്പാസ് റോഡിലൂടെ സുഗമമായി യാത്ര ചെയ്യാം. ഇത് നടപ്പിലാക്കേണ്ടവർ ഉറക്കം നടിക്കുകയാണെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിച്ചു.