മാലിന്യം തള്ളി മുങ്ങിയ കരാറുകാരനെ പോലീസ് പൊക്കി

EKM-WASTEROADILകളമശേരി: കണ്ടെയ്‌നര്‍ റോഡില്‍ 20 ലോഡ് അഴുകിയ മാലിന്യം തള്ളിയ വിവാദ സംഭവത്തില്‍ പോലീസിനെയും നഗരസഭയേയും പറ്റിച്ച് മുങ്ങിയ കരാറുകാരനെ പോലീസ് വീണ്ടും പൊക്കി. കണ്ടെയ്‌നര്‍ റോഡില്‍ കൊണ്ടുവന്നിട്ട മാലിന്യം തിരിച്ചെടുക്കാമെന്ന വ്യവസ്ഥ ലംഘിച്ച് മുക്കാല്‍ ഭാഗവും റോഡിനരികില്‍ തന്നെ കഴിഞ്ഞ രാത്രി കരാറുകാരന്‍ കുഴിച്ചുമൂടിയിരുന്നു. കരാറുകാരനെ ഇന്ന് വീണ്ടും  സംഭവസ്ഥലത്ത് എത്തിച്ചാണ് പോലീസ് കുഴിച്ചിട്ട മാലിന്യക്കൂമ്പാരം പുറത്തെടുത്ത് നീക്കംചെയ്യിക്കുന്നത്.

ബുധനാഴ്ച രാവിലെ ഏതാനും ലോഡുകള്‍ ഏലൂര്‍ പോലിസിന്‍െറ സാന്നിധ്യത്തിലാണ് കരാറുകാരന്‍ എടുത്തുകൊണ്ടുപോയത്. എന്നാല്‍  രാത്രിയായതോടെ ബാക്കി പതിനഞ്ചോളം സ്ഥലത്തുള്ള ചവര്‍ കൂനകള്‍ ജെ സി ബി യുടെ സഹായത്താല്‍ അന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ്  സമീപത്ത് കുഴിച്ചുമൂടുകയായിരുന്നു.  കണ്ടെയ്‌നര്‍ റോഡിലെ പഴയ ആനവാതില്‍ മുതല്‍ പുതിയ ആനവാതില്‍ വരെയുള്ള മേഖലയില്‍ ഇരുപതോളം സ്ഥലത്താണ് ചൊവ്വാഴ്ച വെളുപ്പിനെ ഒരു മണിക്കും മൂന്നു മണിക്കും ഇടയില്‍ മാലിന്യം തള്ളിയത്. നിരീക്ഷണ ക്യാമറകളുടെ സഹായത്താലാണ് മാലിന്യ ലോറികളെ ഏലൂര്‍ പോലീസ് കണ്ടെത്തിയത്.

സംഭവസ്ഥലത്തെത്തിയ കരാറുകാരന്‍ സ്വന്തം ചെലവില്‍ മാലിന്യം നീക്കം ചെയ്യാമെന്ന വ്യവസ്ഥയിലാണ് ബുധനാഴ്ച കേസെടുക്കാതെ പോലീസ് വിട്ടതെന്ന് പറയുന്നു.  രണ്ട് തവണ ജനങ്ങളെ  വിഢിയാക്കിയ കരാറുകാരനെതിരെ ഒരു പെറ്റിക്കേസെടുക്കാന്‍ പോലും പോലീസിനോട് പറയാന്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ തയ്യാറാവുന്നില്ലെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഈ സംഭവത്തില്‍ നേരിട്ടൊരു പങ്കുമില്ലാത്ത വരാപ്പുഴ പഞ്ചായത്തില്‍ പോയാണ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.   മാലിന്യം നീക്കം ചെയ്തതിന് ലോഡൊന്നിന് 15,000 രൂപ വീതം നല്‍കിയെന്നും റോഡില്‍ ഉപേക്ഷിച്ചതിന്  പഞ്ചായത്തിന് പങ്കില്ലെന്നുമാണ് അധികൃതര്‍  പറഞ്ഞത്.

Related posts