പന്തളത്ത് നഗരസഭാ യോഗം മെഴുകുതിരി വെട്ടത്തില്‍

alp-meshukuപന്തളം: പന്തളത്ത് കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നു. ഇന്നലെ  പകലും രാത്രിയും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. നഗരസഭയില്‍ ഇന്നലെ കൗണ്‍സില്‍ യോഗം ചേര്‍ന്നത് മെഴുകുതിരി വെട്ടത്തിലാണ്. രാവിലെ 10.45നാണ് യോഗം തുടങ്ങിയത്. കനത്ത മഴയായിരുന്നതിനാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുട്ട് വ്യാപിച്ചിരുന്നു. കൗണ്‍സിലര്‍മാര്‍ എത്തിയെങ്കിലും അജണ്ട പോലും നോക്കി വായിക്കാനും വെളിച്ചക്കുറവ് കാരണം കഴിഞ്ഞില്ല.

പല വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറെ നാളായി  കടുത്ത എതിര്‍പ്പിലായിരുന്നതിനാല്‍ യോഗം മാറ്റി വയ്ക്കാനുള്ള ആലോചന ഭരണപക്ഷം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീടാണ് മൂന്ന് മെഴുകുതിരികള്‍ എത്തിച്ച് ചെയര്‍പേഴ്‌സന്റെ മുന്നില്‍ കത്തിച്ചു വച്ചത്. ഈ വെളിച്ചത്തില്‍ അജണ്ട വായിച്ചാണ് യോഗം തുടങ്ങിയത്. വൈകുന്നേരം ആറ് വരെ യോഗം തുടര്‍ന്നെങ്കിലും ഇടയ്ക്ക് ഒന്നു രണ്ട് തവണ വന്നു പോയതൊഴിച്ചാല്‍ വൈദ്യുതി വിതരണം നിലച്ച മട്ടിലായിരുന്നു. വൈദ്യുതി മുടക്കം നഗരസഭയ്ക്ക് അടക്കം വലിയ പ്രശ്‌നമാണെങ്കിലും ഈ വിഷയം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള തീരുമാനമൊന്നും കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായിട്ടില്ല.

Related posts