കാട്ടാക്കട: താലൂക്ക് ആസ്ഥാനമാണ് കാട്ടാക്കട. ആയിരങ്ങള്‍ വന്നുപോകുന്ന ഇവിടെ ശുദ്ധവായു ശ്വസിക്കണമെങ്കില്‍ പട്ടണം വിട്ടുപോകണം. നടക്കേണ്ടത് ചപ്പിലും ചവറിലും മുകളിലൂടെ. കാട്ടാക്കട പട്ടണത്തില്‍ മാലിന്യങ്ങള്‍ വീണ്ടും കുമിഞ്ഞുകൂടുന്നു. ചപ്പും ചവറും നിറഞ്ഞ പട്ടണത്തില്‍ മഴ കൂടി വന്നതോടെ മൂക്കുപൊത്തി നടക്കേണ്ട നില. അതിനിടെ പകര്‍ച്ച വ്യാധി ഭീഷണിയും.
കാലവര്‍ഷമെത്തിയിട്ടും ഗ്രാമീണ മേഖലയിലെ പല പ്രദേശങ്ങളിലും മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങിയിട്ടില്ല. പാതയോരത്തെ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാനോ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. യോഗം ചേരലും പ്രഖ്യാപനങ്ങളും നോട്ടിസ് വിതരണവുമൊഴിച്ചാല് കാര്യമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
പോലീസ് സ്റ്റേഷനു മുന്‍വശം പ്രധാന റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി മാലിന്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യമാണു കൂടുതല്‍. രാത്രിയില്‍ പട്ടണത്തിലെ പല വ്യാപാരസ്ഥാപനങ്ങളും ഇവിടെയാണു മാലിന്യം തള്ളുന്നത്. മൂക്ക് പൊത്താതെ ഇതുവഴി നടക്കാ നാവില്ല. ആരോഗ്യ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരുമൊക്കെ കണ്ടു മടങ്ങിയെങ്കിലും ഇവ നീക്കം ചെയ്യാന്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു താഴെയാണു മാലിന്യം തള്ളിയിരിക്കുന്നത്.