പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം പുരോഗമിക്കുന്നു

EKM-PURAPALLIKAVUനെടുമ്പാശേരി: പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍ കായലില്‍ നിന്നും പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ വര്‍ഷംതോറും നിര്‍മിച്ചുവരാറുള്ള മണല്‍ ബണ്ടിന് പകരമായാണ് റെഗുലേറ്റര്‍ കൂടിയുള്ള പാലം നിര്‍മിക്കുന്നത്.   പൊതുമരാമത്ത് വകുപ്പിന്റെയും നബാര്‍ഡിന്റെയും സംയുക്ത സംരംഭമായി 100 കോടി രൂപ ചെലവിലാണ് നിര്‍മാണം. 2015 ഏപ്രില്‍ 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഒന്നര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പല കാരണങ്ങള്‍കൊണ്ട് നിര്‍മാണം മന്ദഗതിയിലാകുകയായിരുന്നു.

22 സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിന്റെ സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പുറപ്പിള്ളിക്കാവിലെ നിലവിലെ മണല്‍ ബണ്ടിന് ഏകദേശം 200 മീറ്റര്‍ അകലെ കിഴക്കുവശത്ത് മറ്റൊരു മണല്‍ ബണ്ടുകൂടി നിര്‍മിച്ച ശേഷം പുഴ വറ്റിച്ച് നിര്‍മാണം ദ്രുതഗതിയിലാക്കുകയായിരുന്നു. ഇതിനായി പുഴക്ക് കുറുകെ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് പുതിയ മണല്‍ ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിനിടെ ഈ ബണ്ട് ഇടയ്ക്ക് തകര്‍ന്നതും പാലം നിര്‍മാണം പ്രതിസന്ധിയിലാക്കി. പാലം നിര്‍മാണത്തിനായി 35,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പുഴ വറ്റിച്ചത്.

റെഗുലേറ്റര്‍ ക്രമീകരിക്കുന്നതിനുള്ള ഷട്ടറുകള്‍ ക്രമീകരിക്കുന്നതിനുള്ള അടിത്തറ നിര്‍മാണം ആരംഭിക്കുന്നതിനാണ് പുഴ വറ്റിച്ചത്. ഉയര്‍ന്ന ശേഷിയുള്ള 20 ഓളം മോട്ടോറുകള്‍ ആഴ്ചകളോളം പ്രവര്‍ത്തിപ്പിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്. കരുമാല്ലൂര്‍ പഞ്ചായത്തിലെ പുറപ്പിള്ളിക്കാവില്‍ നിന്നും കുന്നുകര പഞ്ചായത്തിലെ കാരയ്ക്കാതുരുത്തിലേക്കാണ് പാലം നിര്‍മിക്കുന്നത്. രണ്ടുവരി വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ 7.5 മീറ്റര്‍ വീതിയിലും 308 മീറ്റര്‍ നീളത്തിലുമാണ് നിര്‍മാണം.

ഇതിനു പുറമേ ഒന്നര മീറ്റര്‍ വീതിയില്‍ ഇരു ഭാഗത്തും നടപ്പാതയും ഉണ്ടാകും.10 മീറ്റര്‍ ഉയരത്തിലാണ് റെഗുലേറ്റര്‍ നിര്‍മാണം. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആലങ്ങാട് ഭാഗത്ത് നിന്നുമുള്ളവര്‍ക്ക് പുറപ്പിള്ളിക്കാവില്‍ നിന്നും കാരക്കാതുരുത്തിലേക്ക് കടന്ന് വയല്‍കര വഴി എയര്‍പോര്‍ട്ട് ലിങ്ക് റോഡില്‍ എത്താം. വയല്‍കര, കുന്നുകര ഭാഗത്തുനിന്നും വല്ലാര്‍പാടം കണെ്ടയ്‌നര്‍ റോഡിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമായും ഇതുമാറും.

പലപ്പോഴും മണല്‍ ബണ്ട് നിര്‍മാണം താമസിക്കുന്നതുമൂലം പെരിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് കാര്‍ഷിക മേഖലയെയും കുടിവെള്ള വിതരണത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. നടപടിക്രമങ്ങള്‍ വൈകുന്നതും മണലിന്റെ ദൗര്‍ലഭ്യവുമാണ് ബണ്ട് നിര്‍മാണം വൈകാന്‍ ഇടയാക്കിയിരുന്നത്. റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയായി പെരിയാര്‍ ഉപ്പു വെള്ളത്തില്‍ നിന്നും മുക്തമാകുന്നതോടെ പെരിയാറിനെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കാര്‍ഷിക കുടിവെള്ള മേഖലയ്ക്ക് വന്‍ ആശ്വാസമാണ് കൈവരുന്നത്.

Related posts