ചെരിപ്പിന്റെ ഉടമയെ തേടി പോലീസ്! ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത ചെരുപ്പില്‍ ഉണ്ടായിരുന്നത് ജിഷയുടെ രക്തം; ഇത്തരം ചെരുപ്പ് ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികള്‍

jisha-chappalആലുവ: പെരുമ്പാവൂര്‍ ജിഷകൊലപാതകത്തിലെ പ്രതിയെ കണ്ടെത്താനുള്ള പോലീസിന്റെ തെളിവുശേഖരണം രേഖാചിത്രങ്ങളും നിരീക്ഷണ കാമറ ദൃശ്യങ്ങളും കടന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പില്‍ വരെ എത്തി നില്‍ക്കുകയാണ്. കൊല്ലപ്പെട്ട ജിഷയുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്ത ചെരുപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചത് തുടരന്വേഷണത്തിന് വഴിത്തിരിവായിട്ടുണ്ട്.

ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത ചെരുപ്പില്‍ കൊല്ലപ്പെട്ട ജിഷയുടെ രക്തമാണുണ്ടായിരുന്നതെന്നാണ് പരിശോധനയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ ജോലി സമയങ്ങളിലും മറ്റും അന്യസംസ്ഥാന തൊഴിലാളികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ചെരുപ്പായതിനാല്‍ അന്വേഷണം അവരെ കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമാക്കി.

ചെരുപ്പ് കണ്ടെടുത്ത ദിവസം തന്നെ ഉടമയെ കണ്ടെത്താന്‍ പോലീസ് പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍, സമീപവാസികള്‍ക്ക് ആര്‍ക്കും ചെരുപ്പിന്റെ ഉടമയെ തിരിച്ചറിയാനായില്ല. ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ ഇത് അന്യസംസ്ഥാന തൊഴിലാളിയുടെതായിരിക്കുമെന്ന് നാട്ടുകാരും പോലീസും അന്ന് പറഞ്ഞിരുന്നു.

കെട്ടിട നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാനക്കാരുടെ ചെരുപ്പാകാനാണ് കൂടുതല്‍ സാധ്യത. ഇയാളാണ് കൊലപാതകിയെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നുവെന്നതിന്റെ തെളിവാണ് ചെരിപ്പില്‍ പറ്റിപ്പിടിച്ച സിമന്റ്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ സമീപത്തെ കാനയിലേക്ക് ഇറങ്ങുന്നതിന് ചെരുപ്പ് തടസമായതിനാല്‍ അത് ഉപേക്ഷിച്ചു പോകാനാണ് സാധ്യത. മറിച്ച് അന്യസംസ്ഥാനക്കാരിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ കൊല നടത്തിയ ശേഷം മറ്റാരെങ്കിലും ബോധപൂര്‍വം ചെരുപ്പു കൊണ്ടിട്ടതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നിന്നും ഇത്തരം ചെരുപ്പുകള്‍ കാണാതായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, യഥാര്‍ത്ഥ പ്രതിയിലേക്ക് എത്താന്‍ കഴിയാത്തതുകൊണ്ട് രേഖാചിത്രങ്ങളില്‍ സാമ്യമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയം തോന്നി നാട്ടുകാര്‍ അധികവും പോലീസിന് പിടിച്ചുനല്‍കുന്നത് അന്യസംസ്ഥാനക്കാരെയാണ്. എന്നാല്‍, ഇവരെയെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്തശേഷം രക്തം ശേഖരിച്ച് വിട്ടയക്കാറാണ് പതിവ്. കഴിഞ്ഞ ദിവസം കോഴഞ്ചേരി പോലീസ് സംശയത്തിന്റെ പേരില്‍ പിടികൂടിയ പെരുമ്പാവൂര്‍ സ്വദേശി റെജിയെ ചോദ്യം ചെയ്തുവരികയാണ്.

രേഖാചിത്രത്തിലെ മൂക്ക്, കണ്ണ്, മീശ എന്നിവ ഇയാളുടെതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജിഷയുടെ നാട്ടുകാരനായ ഇയാള്‍ 13 വര്‍ഷത്തോളമായി കോഴഞ്ചേരിക്കടുത്ത് പുല്ലാട്ടാണ് താമസിക്കുന്നത്. എന്നാല്‍, ജിഷ കൊലചെയ്യപ്പെട്ട ദിവസം റെജി പെരുമ്പാവൂരില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ജിഷയുടെ ഘാതകനെ എത്രയും പെട്ടെന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

Related posts