അമേരിക്കയിലുള്ള 23 വയസുകാരിയും മോഡലുമായ എറിൻ ലാങ്മെയ്ഡ് താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയുന്നത് അതു സംഭവിക്കുന്നിതിനു പത്തു നിമിഷം മുന്പു മാത്രം. ഗർഭിണിയാണെന്നും ഒരു കുട്ടിക്കു ജന്മം കൊടുക്കാൻ പോകുകയാണെന്നു മനസിലാക്കിയ യുവതി പക്ഷേ പതറിയില്ല. ശുചിമുറിയിൽവച്ച് ഈ സത്യം മനസ്സിലാക്കി പത്തു നിമിഷം കഴിഞ്ഞപ്പോഴേക്കും പ്രസവവും കഴിഞ്ഞു.
ലാങ്മെയ്ഡ് പ്രസവിച്ച കുട്ടി ആരോഗ്യവതിയാണ്. എട്ടു പൗണ്ട് തൂക്കവുമുണ്ട്. പേര് ഇസ്ല. പ്രസവത്തിനു തൊട്ടുമുന്പു വരെയും ലാങ്മെയ്ഡിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവരുടെ ചിരിക്കുന്ന ചിത്രങ്ങൾ മാത്രമായിരുന്നു. അവയിലൊന്നിൽപ്പോലും അവരുടെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും കാണാനില്ല.
വയർ വീർത്തിട്ടില്ല. സാധാരണ ധരിക്കുന്ന വസ്ത്രങ്ങൾതന്നെയാണ് ഗർഭകാലത്തും ധരിച്ചിരുന്നത്. എല്ലാം വസ്ത്രങ്ങളും പൂർണമായും ഫിറ്റ് ആയിരുന്നു. ഗർഭനിരോധന ഗുളികകൾ ലാങ്മെയ്ഡ് സ്ഥിരമായി കഴിക്കാറുമുണ്ടായിരുന്നു. ഗർഭകാലത്ത് ഒരിക്കൽപ്പോലും ഛർദിച്ചിട്ടുമില്ല.
ശാരീരികമായ ഒരു വ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ടുനിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ ലാങ്മെയ്ഡ് പോസ്റ്റ് ചെയ്തത് പങ്കാളിക്കൊപ്പം നവജാത ശിശുവിനെ കന്പിളിയിൽ പൊതിഞ്ഞ് കൈയിലെടുത്തുനിൽക്കുന്ന ചിത്രമാണ്. ജീവിതത്തിലെ ഏറ്റവും കഠിനമായ ആഴ്ച എന്നാണ് പ്രസവം നടന്ന ആഴ്ചയെ ലാങ്മെയ്ഡ് വിശേഷിപ്പിച്ചിരി ക്കുന്നത്.
ലാങ്മെയ്ഡിന്റെ കഥയിൽ അതിശയിക്കാൻ ഒന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. അപൂർവമായി ഇത്തരം ഗർഭവും പ്രസവവും നടക്കാറുണ്ടത്രേ. 2,500 സ്ത്രീകളിൽ ഒരാൾക്ക് ഇങ്ങനെ സംഭവിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇത്തരമൊരു അവസ്ഥ അത്യൂപൂർവം തന്നെയാണ്. ശുചിമുറിയിൽപോയ ലാങ്മെയ്ഡ് അലറിവിളിക്കുന്ന ശബ്ദം കേട്ടാണ് പങ്കാളി ഡാൻ കാർടി ഓടിയെത്തുന്നത്. കണ്ടതോ തന്റെ കാമുകി ഒരു നവജാതശിശുവിനെ കൈയിലെടുത്തുനിൽക്കുന്നതും !
2015-ൽ സമാനമായ ഒരു സംഭവം അമേരിക്കയിൽ നടന്നിട്ടുണ്ട്. അന്നും ഒരു 23 വയസുകാരിയാണ് താൻ ഗർഭിണിയാണെന്ന് അറിയാതിരുന്നതും അപ്രതീക്ഷിതമായി കുട്ടിക്കു ജൻമം കൊടുത്തതും. കാതറിൻ ക്രോപാസ് എന്നായിരുന്നു യുവതിയുടെ പേര്. അവരുടെ ആർത്തവം ക്രമം തെറ്റിയിരുന്നില്ല. ശരീരത്തിൽ മാറ്റങ്ങളുമു ണ്ടായിരുന്നില്ല. വല്ലപ്പോഴും തോന്നുന്ന ക്ഷീണം മാത്രമായിരുന്നു ഏക വ്യത്യാസം. ഒടുവിൽ 10 പൗണ്ട് തൂക്കമുള്ള കുട്ടിയെയാണ് കാതറിൻ പ്രസവിച്ചത്.