വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോരമേഖലയായ കൊന്നയ്ക്കല്‍കടവില്‍ പുലിയിറങ്ങി ആടിനെ കൊന്നു. മറ്റൊരു ആടിനെ എടുത്തുകൊണ്ടുപോയി. കൊന്നയ്ക്കല്‍കടവ് മാമ്പിള്ളി ഷാബുവിന്റെ ആടുകളെയാണ് പുലി വകവരുത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.മരംകൊണ്ടു നിര്‍മിച്ച കൂട്ടിലായിരുന്നു ആടുകള്‍. ഏഴ് ആടുകളാണ് കൂട്ടിലുണ്ടായിരുന്നത്. തല കൂടിനു പുറത്തേക്ക് വലിച്ച നിലയിലാണ് വലിയ തള്ളയാട് കൂട്ടിനുള്ളില്‍ ചത്തുകിടന്നിരുന്നത്.
ഒരു വയസ് പ്രായമുള്ള മറ്റൊരു ആടിനെയാണ് കാണാതായത്. കൂടിന്റെ അഴികള്‍ക്കിടയിലൂടെ ആടിനെ വലിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആടിനെ കിഴക്കഞ്ചേരി വെറ്ററിനറി സര്ജന് ഡോ. സി.യു.സജിത് കുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി പിന്നീട് മറവുചെയ്തു. ആടിനെ കൊന്നിട്ടുള്ളത് പുലിതന്നെയാണെന്ന് ഡോക്ടര്‍ പറഞ്ഞു. തലയിലെ മുറിവിന്റെ ആഴവും മുറിവുകള്‍ തമ്മിലുള്ള അകലവും കാല്പാദവും അതാണ് കാണിക്കുന്നത്. വലിയ പുലിയാണെന്നാണ് ഡോക്ടറുടെ വിശദീകരണം.
റബര്‍തോട്ടങ്ങളാണ് ഈ പ്രദേശങ്ങളില്‍ കൂടുതലുള്ളത്. രണ്ടുമാസംമുമ്പ് ഇവിടെനിന്നും ഏതാനും കിലോമീറ്റര്‍ അകലെ നീതിപുരത്ത് പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നിരുന്നു. അതിനുമുമ്പ് കോട്ടേക്കുളം കല്ലുമുട്ടുകല്ലിലും പുലിയിറങ്ങി ആടിനെ കൊന്നുതിന്ന സംഭവമുണ്ടായിട്ടുണ്ട്. സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.സുബ്രഹ്്മണ്യന്, ആര്.ശശിഭൂഷണ്‍, വാച്ചര്‍ എ.കൃഷ്ണന്‍കുട്ടി, ഗിരീഷ്, വാര്‍ഡ് മെംബര്‍ സാറാ ഉമ്മ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.