കൊഴിഞ്ഞാമ്പാറ (പാലക്കാട്): വീടിനകത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി താമസ സ്ഥലത്തെ വീട്ടിലെ കട്ടിലിന് താഴെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സന്തോഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. ആറുച്ചാമിയുടെ ഭാര്യയുടെ സുഹൃത്താണ് കൊല്ലപ്പെട്ട സന്തോഷ്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ ആറുച്ചാമി വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇതിൽ സംശയമുണ്ടായിരുന്ന ആറുച്ചാമി രാത്രി സന്തോഷിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം ഇന്നലെ രാത്രി ആറുച്ചാമിയുടെ ഭാര്യ കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനിൽ എത്തി തന്റെ ഭർത്താവ് സന്തോഷിനെ മർദിച്ചുവെന്നും, താൻ ചെന്നു നോക്കിയപ്പേൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെന്നും പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് സന്തോഷിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. സന്തോഷിന്റെ നെറ്റിയിൽ മർദനമേറ്റതിന്റെ പാടുണ്ട്. ടിവിയിൽ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. സംഭവത്തെ തുടർന്ന് ആറുച്ചാമി സ്ഥലത്തുനിന്നു മുങ്ങിയെങ്കിലും ഇന്ന് പുലർച്ചെ പോലീസ് ആറുച്ചാമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാന്പാറ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.