ലൈസന്‍സില്ലാത്ത അറവ് ശാലകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി; കോടതി ഉത്തരവ് നടപ്പിലായാല്‍ വൈപ്പിനില്‍ ഇറച്ചിക്കടകള്‍ ഉണ്ടാകില്ല

EKM-Aravuവൈപ്പിന്‍: ലൈസന്‍സില്ലാത്ത അറവ് ശാലകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ വൈപ്പിനിന്‍  മുനമ്പം മുതല്‍ ഫോര്‍ട്ട് വൈപ്പിന്‍ വരെയുള്ള ആറു പഞ്ചായത്തുകളില്‍ പെടുന്ന 25ല്‍ പരം അറവുശാലകള്‍ക്ക് പൂട്ടുവീഴും. ഇത് വൈപ്പിന്‍കരയെ സംബന്ധിച്ചിടത്തോളം  ബീഫ് നിരോധനത്തിനു തുല്യമാകും.

നിലവില്‍ ഇവിടെ മാട്ടിറച്ചി വില്‍പ്പന നടത്തുന്ന ഒരു സ്ഥാപനത്തിനും മാടിനെ അറുത്ത് വില്‍പ്പന നടത്താന്‍ പഞ്ചായത്തിന്റെ ലൈസന്‍സില്ലെന്നതാണ് വാസ്തവം. അതേ പോലെ 200ല്‍പരം തൊഴിലാളികള്‍ക്ക് നേരിട്ടും 100 ഓളം തൊഴിലാളികള്‍ക്ക് പരോക്ഷമായും തൊഴില്‍ നഷ്ടപ്പെടും.  ഇവിടെ പഞ്ചായത്തുകളും  ആരോഗ്യവകുപ്പും  കണ്ണടക്കുന്നതിനാല്‍ വീടിന്റെ ഇറയത്ത് ഇട്ട് വരെ മാടുകളെ അറുത്ത് വില്‍ക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സേഫ് കേരളയുടെ ഭാഗമായി  ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥന്മാര്‍ കര്‍ശനായി ചില നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മാടുകളെ കശാപ്പ് ചെയ്യുന്നവരേയും പഴകിയ ഇറച്ചി വില്‍ക്കുന്നവരേയും പിടികൂടിയിരുന്നു.

കടകള്‍ പരിശോധിച്ച് കസ്റ്റഡിയിലെടുത്തവരെ  പോലീസിലേല്‍പ്പിച്ചതിനെ തുടര്‍ന്ന് പോലീസ് നടപടിയെടുത്തു.  ഇതിനുശേഷം പല ഇറച്ചി വില്‍പ്പനസ്റ്റാളുകളും വൃത്തിയോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്.  വൈപ്പിനില്‍  ശാസ്ത്രീയമായ മാടുകളെ അറക്കുന്ന സംവിധാനങ്ങള്‍ ഒരു സ്ഥലത്തുംമില്ല.  പതിനഞ്ച് വര്‍ഷം മുമ്പ് ഞാറക്കല്‍ പഞ്ചായത്ത് മാര്‍ക്കറ്റിനകത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ശാസ്ത്രീയ അറവുശാല സ്ഥാപിച്ച് മുംബൈയില്‍ നിന്നും മെഷ്യനുകള്‍ എത്തിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും സംവിധാനത്തിന്റെ തകരാറ്മൂലം സ്ഥാപനം തുറന്ന അന്ന് തന്നെ പൂട്ടി.

മെഷ്യനറികള്‍ ഫിറ്റ് ചെയത് പ്രവര്‍ത്തിച്ചു കാണിച്ചതിനുശേഷമേ പണം നല്‍കാവു എന്ന കരാര്‍ ലംഘിച്ച് പഞ്ചായത്തധികൃതര്‍ മുന്‍ കൂര്‍ പണം നല്‍കിയതിനാല്‍ പിന്നീട് മെഷ്യന്‍ ഫിറ്റ് ചെയ്ത കമ്പനി പിന്നീട് തിരിഞ്ഞുപോലും നോക്കിയില്ലെന്നതാണ് സത്യം. ഈ ഭരണ സമിതിയുടെ സ്മാരകമെന്നോണം ഞാറക്കല്‍ മാര്‍ക്കറ്റില്‍ ഇന്നും ഈ സ്ഥാപനം പൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണാം.   ബ്ലോക്ക് പഞ്ചായത്തോ മറ്റേതെങ്കിലും പഞ്ചായത്തുകളോ മുന്‍ കൈ എടുത്ത് ലൈസന്‍സോടെ പൊതു അറവ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചാല്‍ മാത്രമെ ഇനി വൈപ്പിന്‍കരക്കാര്‍ക്ക് നാട്ടില്‍ നിന്നും ബീഫ് ലഭിക്കുകയുള്ളു.

Related posts