പാലക്കാട്: ഗോവിന്ദാപുരം മോട്ടോര്‍വാഹന ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. ഓഫീസിലെ വെയ്സ്റ്റ് ബാസ്ക്കറ്റില് ചുരുട്ടിക്കൂട്ടി വച്ചിരുന്ന 39,500 രൂപ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. പുലര്‍ച്ചെ ഒന്നോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷം മാറി റെയ്ഡിനെത്തിയത്. ലോറി ഡ്രൈവര്‍മാരെന്ന വ്യാജേന ചെക്ക് പോസ്റ്റിലെ ആര്‍ടിഒ ഓഫീസിലെത്തിയ വിജിലന്‍സ് സംഘത്തോടും ഉദ്യോഗസ്ഥര്‍ പണം ചോദിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഓഫീസിനുള്ളില്‍ കയറിയതോടെ കൈക്കൂലി പണം ഉദ്യോഗസ്ഥര്‍ വെയ്സ്റ്റ് ബാസ്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു.
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ധനേഷ്, സന്തോഷ് എന്നിവരാണ് ഓഫീസിലുണ്ടായരുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ ആര്‍ടിഒ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തുന്നത്. വാളയാറില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത പണം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചത് പിടികൂടിയിരുന്നു.