തളിപ്പറമ്പ് നാടുകാണിയില്‍ വീട്ടില്‍ കവര്‍ച്ച: ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

knr-moshanamതളിപ്പറമ്പ്:   നാടുകാണിയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 1.30 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജയിലില്‍ നിന്ന് അടുത്തകാലത്ത് പുറത്തിറങ്ങിയ മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.  നാടുകാണി എളമ്പേരംപാറയിലെ മഠത്തില്‍ അബ്ദുള്ളയുടെ വീട്ടിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. അബ്ദുള്ളയും ഭാര്യയും മകളും മകന്റെ ഭാര്യയും കുറുമാത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഫോട്ടോ എടുക്കാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. രാവിലെ 10.30 നും ഉച്ചക്ക് പന്ത്രണ്ടിനും ഇടയിലായിരിക്കാം കവര്‍ച്ച നടന്നതെന്നാണ് അനുമാനം.

ഉച്ചക്ക് പന്ത്രണ്ടോടെ മത്സ്യ വില്പനക്കാരനായ മകന്‍ അഷറഫ് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. വീട്ടിന് പിന്നിലെ ഗ്രില്‍സ് മഴു ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് അകത്തുകടന്ന് മൂന്ന് മുറികളിലെയും വാതില്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. മുറികളിലെ ഷെല്‍ഫുകള്‍ പൊളിച്ച് തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. ഷെല്‍ഫില്‍ സൂക്ഷിച്ച 1.30 ലക്ഷം രൂപയും രണ്ട് മൊബൈല്‍ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മറ്റൊരു അലമാരയില്‍ 30,000 രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാക്കളുടെ കണ്ണില്‍ പെടാത്തതിനാല്‍ അത് കൊണ്ടുപോയിട്ടില്ല.

പെരുന്നാള്‍ കഴിഞ്ഞ ഉടനെ ഉംറക്ക് പോകാന്‍ സൂക്ഷിച്ചതായിരുന്നു പണമെന്ന് അബ്ദുള്ള പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.  മോഷ്ടാക്കള്‍ വാതില്‍ തകര്‍ക്കാനുപയോഗിച്ച മഴു സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ഡിവൈഎസ്പി സി.അരവിന്ദാക്ഷന്‍, സിഐ കെ.വിനോദ്കുമാര്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച വിരലടയാളങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Related posts