ശാരീരിക തെളിവെടുപ്പുകളുമായി അന്വേഷണ സംഘം! പ്രതിയുടെ പല്ലുകളുടെയും പാദങ്ങളുടെയും അളവെടുക്കും; കൊലപാതകത്തിനു ശേഷം പുതിയ ചെരുപ്പു വാങ്ങിയതായും സൂചന

Prathi-Amirആലുവ: പെരുമ്പാവൂര്‍ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള പ്രതി അമിറുള്‍ ഇസ്ലാമിന്റെ ശാരീരിക തെളിവെടുപ്പുകളുമായി അന്വേഷണ സംഘം. ഇപ്പോള്‍ ആലുവ പോലീസ് ക്ലബില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ള ഇയാളുടെ പല്ലുകളുടെയും പാദങ്ങളുടെയും അളവെടുക്കുമെന്നാണ് വിവരം.

ജിഷ കൊലക്കേസിന്റെ അന്വേഷണത്തിനു തുമ്പുണ്ടാക്കിയത് കനാല്‍ കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു ജോഡി ചെരുപ്പായിരുന്നു. ഈ ചെരുപ്പുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കയച്ചപ്പോള്‍ ഇതില്‍ പറ്റിപ്പിടിച്ചിരുന്ന രക്തകോശങ്ങള്‍ കൊല്ലപ്പെട്ട ജിഷയുടേതെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടിയിലെ കടയില്‍ നിന്നും ഇത്തരത്തിലുള്ള ചെരുപ്പ് ഒരു അന്യ സംസ്ഥാന തൊഴിലാളി വാങ്ങിയതായുള്ള ഉടമയുടെ വെളിപ്പെടുത്തലാണ് പ്രതി അമിറുളില്‍ എത്തിച്ചത്. കൊലപാതകത്തിനു ശേഷം പുതിയ ചെരുപ്പു വാങ്ങിയതായും സൂചനയുണ്ട്. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പാദങ്ങളുടെ അളവെടുപ്പ് നടത്തുന്നത്.

കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലെ മുതുകില്‍ പല്ലുകൊണ്ട് കടിച്ച പാട് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. പല്ലിനു വിടവുള്ളയാളാണ് കടിച്ചിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ വിടവുള്ള പല്ലുള്ളവരെ കേന്ദ്രീകരിച്ചും ഒരുവേള പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ പല്ലുകളുടെ പരിശോധന.

Related posts