
കൊല്ലം : ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാന്‍ മുട്ടറ മരുതിമല ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്. വെളിയം പഞ്ചായത്തിലെ മുട്ടറയിലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
വെളിയം പഞ്ചായത്തിന് 37 ഏക്കര്‍ റവന്യൂ ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. വെളിയം പഞ്ചായത്തിനും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ് പദ്ധതിക്ക് മേല്‍നോട്ടം.
ടൂറിസം വകുപ്പ് വഴി 45 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. ജലസേചന വകുപ്പിനാണ് നിര്‍മാണ ചുമതല. വൈദ്യുതീകരണം, കുഴല്‍ക്കിണര്‍ വഴി ശുദ്ധജല ലഭ്യത എന്നിവ ഉറപ്പാക്കി. കഫെറ്റേരിയ, പാത്ത് വേ, സംരക്ഷണ വേലികള്‍, ടോയ്ലറ്റ് സൗകര്യം, മൂന്ന് സെറ്റ് വിശ്രമ മന്ദിരങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയായിട്ടുള്ളത്.
പ്രവേശനകവാടം, റോഡ് വേ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഹരിത കേരളം മിഷനുമായി ചേര്‍ന്ന് ഇവിടെ പച്ചത്തുരുത്ത് തീര്‍ക്കാനുള്ള ശ്രമവും നടന്നുവരുന്നു. ഇതിന്റെ ഭാഗമായി ആയിരം ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
അപൂര്‍വ ഇനത്തില്‍പ്പെട്ട നിരവധി ജന്തുജാലങ്ങളുടെ സങ്കേതമാണ് മരുതിമല. നൂറുകണക്കിന് ചെമ്പന്‍ കുരങ്ങുകളെ സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പ്രകൃതിസ്നേഹികളുടെ പ്രശംസ പടിച്ചുപറ്റിയിട്ടുണ്ട്.
ഇവയുടെ സംരക്ഷണം പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിയുടെ ദൃശ്യ സൗന്ദര്യത്തെ നിലനിര്‍ത്തി പരിസ്ഥിതിക്ക് യതൊരുകോട്ടവും വരാത്ത തരത്തിലാണ് മരുതിമല ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിം ലാല്‍ പറഞ്ഞു. സദാ കുളിര്‍കാറ്റ് വീശിക്കൊണ്ടിരിക്കുന്ന മരുതിമല തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികള്‍ക്ക് മികച്ച ദൃശ്യാനുഭവം തീര്‍ക്കും.