രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിനായുള്ള സൗരാഷ്ട്രയുടെ കാത്തിരിപ്പിന് അവസാനം. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘടിന്റെ അസാമാന്യ സ്പെല്ലിൽ ബംഗാളിനെ ചുരുട്ടി സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. അതോടെ മുൻ ചാന്പ്യന്മാരായ ബംഗാളിന്റെ കിരീട മോഹം പൊലിഞ്ഞു.
ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയതിന്റെ കരുത്തിലാണ് സൗരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 354 റണ്‍സ് എന്ന നിലയിൽ അഞ്ചാംദിനമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ബംഗാളിനെ 381ൽ സൗരാഷ്ട്ര എറിഞ്ഞിട്ടു.
രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഒരു റണ്ണൗട്ടിൽ ഭാഗമാകുകയും ചെയ്ത ഉനദ്ഘടായിരുന്നു ബംഗാളിനെ 381ൽ ഒതുക്കിയത്. ഒന്നാം ഇന്നിംഗ്സിൽ 425 റണ്‍സ് നേടിയ സൗരാഷ്ട്രയ്ക്ക് അതോടെ 44 റണ്‍സിന്റെ ലീഡ് ലഭിച്ചു.
മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സ് എടുത്തിരുന്നു. സ്കോർ: സൗരാഷ്ട്ര 425, 105/4. ബംഗാൾ 381. ഹർവിക് ദേശായ് (21), അവി ബാരോറ്റ് (39), വിശ്വരാജ് ജഡേജ (17), അർപിത് വാസവദ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയ്ക്കു നഷ്ടമായത്.
ഒന്നാമിന്നിംഗ്സിൽ അർപിത് വാസവദയുടെ (106) സെഞ്ചുറിയാണ് സൗരാഷ്ട്രയുടെ ഇന്നിംഗ്സിന് അടിത്തറയിട്ടത്. ചേതേശ്വർ പൂജാര (66), ഓപ്പണർ രവി ബാരോറ്റ് (54), വിശ്വരാജ് ജഡേജ (54) എന്നിവരും സൗരാഷ്ട്രയ്ക്കായി ആദ്യ ഇന്നിംഗ്സിൽ തിളങ്ങി.
സുദീപ് ചാറ്റർജി (81), വൃദ്ധിമാൻ സാഹ (64), അനുസ്തുപ് മജുംദർ (63) എന്നിവർ ബംഗാളിനായി ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടി. അർപിത് വാസവദയാണ് മാൻ ഓഫ് ദ മാച്ച്.