കോട്ടയം: ചിങ്ങവനം കുഴിമറ്റത്ത് നാട്ടുകാര്‍ പിടികൂടിയ കാട്ടുപൂച്ചയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു ജഡം മറവ് ചെയ്തു. ആടുകളെ ആക്രമിച്ചത് കാട്ടുപൂച്ചയാണോയെന്ന് വന്യജീവി വിദഗ്ധരുടെ ഉപദേശം തേടിയിട്ട് വ്യക്തമാക്കാമെന്നു കോട്ടയം ഡിഎഫ്ഒ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് കുഴിമറ്റത്തിറങ്ങിയ കാട്ടുപൂച്ചയെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം തല്ലിക്കൊന്നിരുന്നു. മയിലാടുംപാറയിലെ കൈതക്കാട്ടില്‍ നിന്നും ഇറങ്ങി സമീപത്തുണ്ടായിരുന്ന കോഴിയെ പിടിച്ചു കൊണ്ടുപോകുന്നതിനിടയില്‍ കുട്ടികളാണ് ജീവിയെ കാണുന്നത്. ഇവരുടെ നേര്‍ക്ക് ചീറ്റി അടുക്കുന്നതിനിടയില്‍ പേടിച്ചു നിലവിളിച്ച കുട്ടികളുടെ ഒച്ചകേട്ട് ഓടിവന്ന നാട്ടുകാര്‍ ചുറ്റും വളഞ്ഞു നിന്ന് അടിച്ചു കൊല്ലുകയായിരുന്നു.
അതേസമയം ഇത്തരത്തിലുള്ള ഒരുപറ്റം ജീവികള്‍ ഇതേ സ്ഥലത്തുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. ആഴ്ചകള്‍ക്ക് മുമ്പു മയിലാടുംപാറ വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകളെ കടിച്ചു കീറി കൊല്ലുകയും രണ്ട് ആട്ടിന്‍കുട്ടികളെ മൃതപ്രായമായ രീതിയിലാക്കുകയും ചെയ്ത സംഭവത്തോടെയാണ് കുഴിമറ്റത്ത് അജ്ഞാതജീവിയുടെ വിഹാരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ ആക്രമണത്തിനിരയായ ആടുകളെ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതില്‍ നിന്നും, വന്യസ്വഭാവമുള്ള ജീവികളാണ് ആക്രമണത്തിന് പിന്നിലെന്നും ഇനിയും ഈ ജീവികളുടെ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ അജ്ഞാതജീവിയെ പിടികൂടാന്‍ കാമറായും കെണിയും സ്ഥാപിച്ചിരുന്നു.
ആദ്യ ദിവസം തന്നെ കാമറായില്‍ രണ്ടു നായ്ക്കളുടെ ചിത്രം പതിയുകയും കെണിയില്‍ സമീപത്തെ വളര്‍ത്തുനായ കുടുങ്ങുകയും ചെയ്തു. ഇതേതുടര്‍ന്നു നായ്ക്കളാണ് ആക്രമണത്തിന് പിന്നിലെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഇതു പ്രതിഷേധത്തിനിടയാക്കുകയും ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ നാട്ടുകാര്‍ രംഗത്തുവരുകയും ചെയ്തിരുന്നു. ഇതിനുശേഷം സമീപ പ്രദേശങ്ങളിലുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ അജ്ഞാത ജീവികളുടെ ആക്രമണം തുടരെയുണ്ടായി.
ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് പ്രതിനിധികളുടെ നിവേദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണാധികാരി അടിയന്തിര യോഗം വിളിച്ചു അജ്ഞാതജീവിക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്ജിതപെടുത്താനും സമീപ പ്രദേശങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന പറമ്പുകള്‍ വെട്ടി തെളിക്കുവാനും തീരുമാനിച്ചിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ രാത്രി കാലങ്ങളിലെ തെരച്ചില്‍ ശക്തിപ്പെടുത്തിയതോടെ പുറത്തിറങ്ങാന്‍ പറ്റാത്ത ജീവികള്‍ ഇര തേടി പട്ടാപ്പകല്‍ ഇറങ്ങുകയായിരുന്നു. അജ്ഞാത ജീവിയെ പിടിച്ചതറിഞ്ഞു ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.