കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഭർത്താവിനെ ക്രൂരമായി മർദിച്ച കേസിൽ പോലീസ് പിടിയിലായ കൊലയാളിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. താഴത്തങ്ങാടി ചിറ്റയിൽ മുഹമ്മദ് ബിലാലിനെയാ (23)ണു കേസിൽ പോലീസ് അറസ്റ്റു ചെയ്തത്.
പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ. മുഹമ്മദ് സാലി (അബ്ദുൾ സാലി-55) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ അറിയിച്ചു.
ദന്പതികളുടെ വീട്ടിൽ നിന്നും കാണാതായ മൊബൈൽ ഫോണ്, താക്കോലുകൾ, വയർ മുറിക്കാൻ ഉൾപ്പെടെ ഉപയോഗിച്ച കത്തികൾ എന്നിവ ഉൾപ്പെടെയുള്ള കുറച്ചു സാധനങ്ങൾ കാറുമായി കടന്നു കളഞ്ഞ പ്രതി തണ്ണീമുക്കം ബണ്ടിലേക്ക് എറിഞ്ഞു കളഞ്ഞതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്ന പോലീസ് സംഘം ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുക. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായിട്ടുള്ള അപേക്ഷ ഉടൻ പോലീസ് നൽകും. താക്കോൽകൂട്ടം, കത്തികൾ, മൊബൈൽ എന്നിവ ബിലാൽ കൈക്കലാക്കിയെങ്കിലും സ്വർണവും പണവും മാത്രമായിരുന്നു ഇയാൾ കൈയ്യിൽ സൂക്ഷിച്ചിരുന്നത്.
രക്ഷപ്പെടാനുള്ള യാത്രക്കിടയിൽ ആദ്യം തന്നെ ഇവ ഉപേക്ഷിക്കുകയായിരുന്നു. യാത്ര തുടങ്ങിയപ്പോൾ തന്നെ പല സ്ഥലത്ത് ഇവ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. ഒടുവിൽ തണ്ണീർമുക്കം ബണ്ടിലേക്കു എറിഞ്ഞു കളയുകയായിരുന്നു.
പ്രതി കുട്ടിക്കാലത്ത് ഏറെ നാൾ ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് മുഹമ്മദീൻ സ്കൂളിലായിരുന്നു പഠിച്ചത്. തുടർന്നു ഇയാൾ ആലപ്പുഴയിലുള്ള വിവിധ ഹോട്ടലുകളിൽ ജോലികൾ ചെയ്യുകയും ചെയ്തിരുന്നു. ഈ പരിചയം മുൻ നിർത്തിയാണ് ബിലാൽ ദന്പതികളുടെ വീട്ടിൽ നിന്നും തട്ടിയെടുത്ത കാർ മുഹമ്മദീൻ സ്കൂൾ പരിസരത്ത് തന്നെ ഉപേക്ഷിച്ചത്.
തുടർന്നു സ്വർണവും പണവുമായി ഇയാൾ ബസിലും ലോറിയിലും കയറിയാണ് എറണാകുളത്തേക്ക് പോയത്. ഇന്നലെ പ്രതിയുമായി എറണാകുളത്തേ വീട്ടിൽ എത്തിയ പോലീസ് സംഘം അവിടെ നിന്നും സ്വർണവും പണവും കണ്ടെടുത്തിരുന്നു.
നിലവിൽ ഇയാൾ സ്വർണം എവിടെയെങ്കിലും വില്പന നടത്താൻ ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടില്ല. ദന്പതികളുടെ വീട്ടിൽ നിന്നും മോഷ്്ടിച്ച പണം കൈയ്യിലുള്ളതിനാലായിരിക്കാം ഇയാൾ സ്വർണം വില്ക്കാൻ ശ്രമിക്കാതെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും.
പോലീസ് പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞു ബിലാലിനെ എറണാകുളത്തെ വീട്ടിൽ നിന്നും പിടികൂടി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പീന്നിട് സ്വർണവും പണവും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കാർ ആലപ്പുഴയിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ഇതോടെ ഇന്നലെ രാവിലെ തന്നെ പോലീസ് മോഷ്്ടിച്ച സ്വർണവും പണവും പീന്നിട് കാറും കണ്ടെടുക്കുകയായിരുന്നു. പാറപ്പാടം റോഡിലെ ഒരു വീട്ടിലെ കാമറയാണ് പോലീസ് ആദ്യം പരിശോധിച്ചത്. ഇതിൽ ഒരാൾ നടന്നു പോകുന്നതു കണ്ടു.
ഇതോടെ പാറപ്പാടം അന്പലത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ഇതിൽ ഇയാളെ കാണാനും കഴിഞ്ഞില്ല. ഇതോടെ വീട്ടിൽ കയറിയതു ഇയാൾ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ഈ സമയത്താണ് വെസ്റ്റ് സ്റ്റേഷനിൽ ബിലാലിനെ കാണാനില്ലെന്നു കാണിച്ചു പിതാവ് പരാതിയും നല്കിയത്.
ഇതോടെ പോലീസിനു കാര്യങ്ങൾ കൂടുതൽ വ്യക്തമായി. പീന്നിട് ചെങ്ങളം പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ പോലീസ് ബിലാലിനെ എറണാകുളത്ത് എത്തി പിടികൂടുകയായിരുന്നു.
കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത്, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ ടി.എസ്. റെനീഷ്, ടി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.