കൊടുവായൂരില്‍ റോഡുതകര്‍ന്ന് കാല്‍നടയാത്ര ദുഷ്കരമായി

pkd-roadthakarnnuകൊടുവായൂര്‍: ടൗണില്‍നിന്നും വടക്കുഭാഗത്തെ പ്രധാന വ്യാപാരകേന്ദ്രത്തിലേക്കുള്ള റോഡുതകര്‍ന്ന് കാല്‍നടയാത്ര ദുഷ്കരമായി. റോഡില്‍ ഉടനീളമുള്ള  ഗര്‍ത്തങ്ങളില്‍ മലിനജലം കെട്ടിനില്ക്കുകയാണ്. ഇതുവഴി  വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തങ്ങളിലുള്ള മലിനജലം വഴിയാത്രക്കാരുടെ ശരീരത്തിലേക്കു തെറിച്ചു വസ്ത്രങ്ങള്‍ അലങ്കോലപ്പെടുകയാണ്. ഇതിന്റെ പേരില്‍ വാഹനം ഓടിക്കുന്നവരുമായി നിരന്തരം വഴക്കും പതിവാണ്.

ഈ റോഡിലാണ് പ്രധാന വ്യാപാര സ്ഥാപനങ്ങളും പച്ചക്കറി മൊത്തവിതരണ കേന്ദ്രവുമുള്ളത്. സമീപഗ്രാമങ്ങളില്‍നിന്നും നൂറുക്കണക്കിനാളുകള്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക്എത്താറുണ്ട്. രണ്ടുവര്‍ഷംമുമ്പ് പുനര്‍നിര്‍മാണം നടത്തിയ റോഡ് പൂര്‍ണമായും തകര്‍ന്നു മെറ്റല്‍ റോഡായി മാറിയിരിക്കുകയാണ്. ചെളിനിറഞ്ഞ റോഡില്‍ യാത്രക്കാര്‍ കാല്‍വഴുതി വീഴുന്നതു പതിവുകാഴ്്്ചയാണ്.

കാലവര്‍ഷാരംഭത്തിനു മുന്നേ യാത്രക്കാര്‍ ഗതാഗതം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ നടപടിയുണ്ടായില്ലെന്ന പരാതി ശക്തമാണ്. മഴക്കാലം തുടങ്ങിയിട്ടും ഗര്‍ത്തങ്ങള്‍ അടയ്ക്കാനുള്ള താത്കാലിക നടപടിപോലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം ശക്തമാണ്.

Related posts