രാഷ്ട്രീയം കരിയറാക്കാന്‍ താത്പര്യമുണ്ടോ? രാഷ്ട്രീയക്കാരില്‍ നിന്ന് നേരിട്ട് പഠിക്കാനും പ്രായോഗിക പരിശീലനത്തിനും അവസരമൊരുക്കി യുപി സര്‍ക്കാര്‍; കോഴ്‌സിന്റെ പ്രത്യേകതകളിങ്ങനെ

പതിനെട്ടടവും പഠിച്ചവര്‍ക്ക് മാത്രം എത്തിപ്പെടാന്‍ കഴിയുന്ന മേഖലയാണ് രാഷ്ട്രീയം എന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. എന്നാല്‍ എങ്ങനെയും ആ അടവുകളെല്ലാം പഠിച്ചെടുത്ത് രാഷ്ട്രീയക്കാരന്‍ അല്ലെങ്കില്‍ രാഷ്ട്രീയക്കാരി ആകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ഒരു സന്തോഷവാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. രാഷ്ട്രീയം പഠിപ്പിക്കാന്‍ യുപിയിലെ ഗാസിയാബാദില്‍ ഒരു സ്ഥാപനം തന്നെ തുറന്നിരിക്കുന്നു എന്നതാണത്. രാഷ്ട്രീയം കരിയറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണത്.

രാഷ്ട്രീയക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാഷ്ട്രീയ നേതാക്കളില്‍നിന്നു തന്നെ പാഠങ്ങള്‍ അഭ്യസിക്കാന്‍ 198 കോടി രൂപ ചെലവില്‍ ‘രാഷ്ട്രീയ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്’ എന്ന പരിശീലനകേന്ദ്രമാണ് യുപി സര്‍ക്കാര്‍ സജ്ജമാക്കുന്നത്. രാജ്യത്തെ ‘രാഷ്ട്രീയം പഠിപ്പിക്കുന്ന’ ഇത്തരത്തിലുള്ള ആദ്യസ്ഥാപനമെന്ന ക്രെഡിറ്റും ഇനി ഇതിന് തന്നെ.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആദ്യഘട്ടത്തിന് 50 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചതായി നഗരവികസന മന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് പൂര്‍ണമായ അറിവുനല്‍കുന്ന തരത്തിലാകും കോഴ്‌സുകള്‍. രാഷ്ട്രീയത്തിന്റെ വിവിധ വശങ്ങളും നിയമങ്ങളും നേതാക്കള്‍ എങ്ങനെ പെരുമാറണമെന്നും പഠിപ്പിക്കുക മാത്രമല്ല പ്രായോഗിക പരിശീലനവും നല്‍കും.

രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ പ്രമുഖ രാഷ്ട്രീയക്കാരും വിദഗ്ധര്‍ക്കൊപ്പം ക്ലാസെടുക്കും. സംസ്ഥാന നഗരവികസനമന്ത്രാലയത്തിനാകും നടത്തിപ്പു ചുമതല.

Related posts