
‘പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയുടെ തിരോധാനത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലോടെ തിരോധാനവുമായി ബന്ധപ്പെട്ടുയര്‍ന്ന ദുരൂഹതകളകറ്റാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷക സംഘം.
2018 ഒക്ടോബര്‍ 13ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം ജനകീയ പ്രതികരണവേദി നടത്തിയ ജനകീയ പ്രതിഷേധ ജ്വാലയിലാണ് 2003ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റിയുള്ള പുതിയ വെളിപ്പെടുത്തലുണ്ടായത്.
ഗോപാല്ജിയുടേത് കൊലപാതകമാണെന്ന് തനിക്ക് വ്യക്തതയുണ്ടെന്നും ഇതിനെല്ലാം തെളിവുകളുണ്ടെന്നും ആവശ്യമായ ഘട്ടങ്ങളില്‍ അവ ഹാജരാക്കുമെന്നുമായിരുന്നു പയ്യന്നൂര്‍ അംമ്പലം റോഡിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗോപാല്‍ജിയെ കാണാതായി 15 വര്‍ഷത്തിന് ശേഷമുള്ള ഈ വെളിപ്പെടുത്തലിനെപറ്റി പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. അതിനിടയില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന മുതിയലത്തെ കെ.പി.മുരളീധരന്റെ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്ന അന്വേഷണം.
ഇന്നലെ പയ്യന്നൂരിലെത്തിയ സംഘം വെളിപ്പെടുത്തലിന് സാക്ഷിയായവരില്നിന്നും ഗോപാല്‍ജിയുമായി അടുപ്പമുണ്ടായിരുന്നവരില്നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ടി.വി.ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് കാണാതാകുന്നത്.
ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിന് സമീപം ജനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ചിരുന്ന ഹനുമാന് പ്രതിമയുടെ നിര്‍മാണം മുക്കാല്‍ ഭാഗത്തോളമെത്തിയപ്പോഴാണ് തിരോധാനം.ഇതേതുടര്‍ന്ന് വിവിധ സംഘടനകളും സ്വാമി ഗോപാല്‍ജിയുടെ ബന്ധുക്കളും ഗോപാല്‍ജിയെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിലടക്കം വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.
പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഗോപാല്‍ജിക്ക് വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.ഈ ഉത്തരവ് നിലനില്‍ക്കേയുണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം.