സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ കണ്‍സ്യൂമര്‍ കോടതിയുടെ വിധി

PKD-COURTപരവൂര്‍: സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ പരവൂര്‍ കോട്ടപ്പുറം പുളിക്കല്‍ വീട്ടില്‍ ലീനാമ്മ, മകള്‍ നന്ദു പ്രഭ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ വാദികള്‍ക്ക് അനുകൂലമായി ഉപഭോക്തൃകോടതി വിധി. കൊല്ലത്തെ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് ജി.വസന്തകുമാരി, അംഗം അഡ്വ.എം.പ്രവീണ്‍കുമാര്‍ എന്നിവരാണ് ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ ഉത്തരവിട്ടത്.പരാതിക്കാര്‍ കമ്പനിയില്‍ നിന്ന് മൂന്ന് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുക്കുകയുണ്ടായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം രൂപ അടച്ചാല്‍ ഒന്നുകില്‍ 15 ലക്ഷം രൂപയോ അല്ലെങ്കില്‍ പ്രതിമാസം 13,500 രൂപ പെന്‍ഷന്‍ ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് ഇവരെ പോളിസിയില്‍ ചേര്‍ത്തത്.

ഒരുമാസം കഴിഞ്ഞ് പോളിസി ഡോക്യുമെന്റ് വീട്ടില്‍ കിട്ടിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. പോളിസി കാലാവധി അഞ്ചുവര്‍ഷമല്ലെന്നും 20 വര്‍ഷമാണെന്നും പോളിസി സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ അടച്ചതുകയായ 3,21,275 രൂപയ്ക്ക് പകരം 80,000 രൂപ മാത്രമേയുള്ളൂവെന്നും ഇവര്‍ അറിഞ്ഞത്. തുടര്‍ന്നാണ് അടച്ച തുകയും അതിന്റെ പലിശയും നഷ്ടപരിഹാരവും ലഭിക്കുന്നതിന് വാദികള്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പരാതിക്കാര്‍ കമ്പനിയില്‍ 3,21,275 രൂപ അടച്ചതായി കണ്ടെത്തി.

അടച്ചതുക തിരികെ പരാതിക്കാര്‍ക്ക് നല്‍കുമോ എന്ന് കമ്പനിയോട് കോടതി ചോദിച്ചു. ഇവര്‍ കൃത്യസമയത്ത് പോളിസി പുതുക്കിയില്ലെന്നും മാത്രമല്ല പോളിസിലെ വ്യവസ്ഥകള്‍ ഇവര്‍ പാലിക്കാത്തതിനാലും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഇല്ലെന്നായിരുന്നു കമ്പനിയുടെ വാദം.തെളിവുകള്‍ പരിശോധിച്ചതില്‍ കമ്പനിക്ക് പോളിസി പ്രൊപ്പോസല്‍ ഫോമുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. കമ്പനി ഹാജരാക്കിയ പോളിസി റിക്കാര്‍ഡില്‍ പരാതിക്കാരുടെ ഒപ്പുപോലും ഇല്ലായിരുന്നു.

പോളിസി പരാതിക്കാര്‍ സ്വീകരിച്ചതിന്റെ ഒരു രേഖകളും കമ്പനിയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞതുമില്ല.
ഇതേതുടര്‍ന്നാണ് ഇവര്‍ അടച്ച 3,21,275 രൂപയും ഇതിന്റെ ഒമ്പതു ശതമാനം പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിനത്തില്‍ 2500 രൂപയും നല്‍കാന്‍ കോടതി വിധിച്ചത്. വാദികള്‍ക്കുവേണ്ടി അഡ്വ.വിനോദ് മാത്യു വില്‍സണ്‍ കോടതിയില്‍ ഹാജരായി.

Related posts