അങ്കമാലി: പ്രായമായ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ യുവതി പോലീസിന്റെ പിടിയിലായി. 2014 മുതല്‍ വിവിധ ആശുപത്രികളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന തൃശൂര്‍ കുന്നത്തങ്ങാടി അരിമ്പൂര്‍ പല്ലിശേരി വീട്ടില്‍ ഓമന എന്നു വിളിക്കുന്ന മറിയാമ്മ(37) ആണു പിടിയിലായത്. പ്രായമായതും ഒറ്റയ്ക്ക് വരുന്നതുമായ സ്ത്രീകളെ വിദേശത്തു നിന്നും പള്ളികളില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും ധനസഹായം വാങ്ങിത്തരാം എന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ആശുപത്രി ഡയറക്ടറെ കണ്ടാല്‍ സഹായം ലഭിക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ കൂട്ടിക്കൊണ്ടു പോവുകയും സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരിക്കുന്നത് കണ്ടാല്‍ സഹായം ലഭിക്കില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പോകുംവഴി ആഭരണങ്ങള്‍ തന്ത്രപരമായി ഊരിവാങ്ങി മുങ്ങുകയുമായിരുന്നു ഇവരുടെ രീതി. 2014 ജൂണില്‍ ഇത്തരത്തില്‍ ഒക്കല്‍ സ്വദേശിനിയായ മേരി എന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാലയും രണ്ടു വളകളും അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ വച്ച് തട്ടിയെടുത്തിരുന്നു.
അതേവര്‍ഷം തന്നെ മേയ്ക്കാട് സ്വദേശിനി അന്നമ്മയുടെ മൂന്ന് പവനും 2015ല്‍ പുളിയനം സ്വദേശിനി ലക്ഷ്മിയമ്മയുടെ മൂന്നു പവനും കറുകുറ്റിയിലുള്ള സുഭദ്ര എന്ന സ്ത്രീയുടെ നാലു പവനും ഈ വര്‍ഷം തുറവൂര്‍ ഉതുപ്പാന്‍ കവലയിലുള്ള ആനീസ് എന്ന സ്ത്രീയുടെ 6 പവനും ഇപ്രകാരം കവര്‍ച്ച ചെയ്തു. ഈ വര്‍ഷം തന്നെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി പരിസരത്തു നിന്നും റോസ എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും, ചാലക്കുടി സ്വദേശിനി ഏലിക്കുട്ടിയില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും പ്രതി കവര്‍ന്നിട്ടുണ്ട്.
2013ല്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ച് ഒരു കുട്ടിയുടെ സ്വര്‍ണ പാദസ്വരം മോഷ്ടിച്ചതിന് തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസില്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത് കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനും സ്വന്തമായി വീടില്ലാത്ത പ്രതി ഇടയ്ക്കിടയ്ക്ക് വാടകവീട് മാറിമാറി എടുക്കുന്നതിനും അഡ്വാന്‍സ് കൊടുക്കുന്നതിനും വീട്ടു വാടക കൊടുക്കുന്നതിനുമാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം എല്‍എഫ് ആശുപത്രിയ്ക്ക് സമീപമുള്ള കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നും ലഭിച്ച ഫോട്ടോ കേന്ദ്രീകരിച്ച് അങ്കമാലി സിഐ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അങ്കമാലി എസ്‌ഐ മാരായ പി.എച്ച്. സമീഷ്, വി.എന്‍. രാജന്‍, എഎസ്‌ഐ സുകേശന്‍, സുരേഷ്, സിപിഒ ജിസ്‌മോന്‍, സിന്ധു, നിഷ, ശരണ്യ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി സമാനമായ രീതിയില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണേ്ടാ എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.