സഹപ്രവര്‍ത്തകര്‍ നടത്തിയ കാരുണ്യയാത്രയില്‍ ഷിജിന്റെ കുടുംബത്തിനായി സ്വരൂപിച്ചത് 20,000 രൂപ

EKM-BUSവൈപ്പിന്‍: ബൈക്ക് അപകടത്തില്‍ മരിച്ച സ്വകാര്യ ബസ് തൊഴിലാളി പറവൂര്‍ കുഞ്ഞിത്തൈ സ്വദേശിയായ ഷിജിന്റെ കുടുംബത്തെ സഹായിക്കാന്‍ ബസുടമയും സഹപ്രവര്‍ത്തകരും സഹകരിച്ച് നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ചത് 20,000 രൂപ. ചെട്ടിക്കാട് സ്വദേശി സുനില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള നല്ല ഇടയന്‍, ഹോളിലാന്റ്, കാവല്‍ മാലാഖ എന്നീ ബസുകളിലെ ഇന്നലത്തെ വരുമാനവും ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ചേര്‍ത്താണ് 20,000 രൂപ തികച്ചത്. ഈ തുക ഇന്ന് ഇവര്‍ ഷിജിന്റെ കുടുംബത്തിന് നല്‍കും. ബസിലെ സ്ഥിരം യാത്രക്കാരും അല്ലാത്തവരുമൊക്കെ അകമഴിഞ്ഞ സഹായഹസ്തങ്ങള്‍ നീട്ടിയെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പലരും കൂടുതല്‍ പണം നല്‍കി ടിക്കറ്റെടുത്തു. മറ്റുപലരും ബാക്കി തുക വാങ്ങിയില്ല. ഈ കാരുണ്യയാത്രയുടെ ഉദ്ഘാടനം ഇന്നലെ രാവിലെ മുനമ്പം ബസ് സ്റ്റാന്റില്‍ വച്ച് മുനമ്പം എസ്‌ഐ ജി. അരുണ്‍ 500 രൂപ സംഭാവന നല്‍കികൊണ്ടാണ് നിര്‍വഹിച്ചത്.  ബസിലും കണ്ടെയ്‌നറിലും തൊഴിലാളിയായിരുന്ന ഷിജിന്റെ ഏക വരുമാനത്തിലായിരുന്നു അച്ഛനും അമ്മയും സഹോദരങ്ങളുമടക്കുന്ന നിര്‍ധനരായ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ മരണത്തോടെ ഈ കുടുംബം നിരാലംബമായി. ഇതേ തുടര്‍ന്നാണ് ബസുടമയും സഹപ്രവര്‍ത്തകരും രംഗത്തെത്തിയത്. പറവൂര്‍-ആലുവ റൂട്ടില്‍ തട്ടാപടിയില്‍ വച്ച് നാലിനാണ് ഷിജിന്‍ മരിച്ചത്.

Related posts