ചര്‍ച്ച അലസിപ്പിരിഞ്ഞു; സ്വകാര്യബസ് തൊഴിലാളി സമരം 15 മുതല്‍

busകണ്ണൂര്‍: ജില്ലയിലെ സംയുക്ത സ്വകാര്യബസ് തൊഴിലാളികള്‍ 15 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അജയകുമാര്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച അലസിപ്പിരിഞ്ഞു. നിയമാനുസൃതം 2016 ഏപ്രില്‍ മുതല്‍ ലഭിക്കേണ്ട പ്രതിമാസം 627 രൂപ ക്ഷാമബത്ത വര്‍ധന ജൂലൈ മാസമായിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നാണു സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു യൂണിയനുകള്‍ ചേര്‍ന്ന സ്വകാര്യബസ് തൊഴിലാളി യൂണിയന്‍ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ 15 മുതല്‍ നല്‍കിയ അനിശ്ചിതകാല പണിമുടക്കിനു നോട്ടീസ് നല്കിയത്.

മഴക്കാലമായതിനാലും ഡീസലിനു വിലവര്‍ധിച്ചതിനാലും വരുമാനം കുറഞ്ഞെന്നും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതുവരെ ഡിഎ വര്‍ധന മരവിപ്പിക്കണമെന്നാണു ബസുടമകള്‍ അനുരഞ്ജന യോഗത്തില്‍ ഉന്നയിച്ചത്.   ഡിഎ വര്‍ധന നടപ്പാക്കണമെന്നും മൂന്നുമാസം കാത്തിരുന്നിട്ടും ഡിഎ നടപ്പിലാക്കില്ലെന്നു  അറിയിച്ച സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്യേണ്ടിവന്നതെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.

Related posts