തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായശേഷം സർവീസിൽ തിരിച്ചെത്തിയ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വ്യാജവാർത്തകൾ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുന്പോൾ എന്തു വ്യാജവാർത്ത കണ്ടെത്താനാണെന്നാണ് ചെന്നിത്തലയുടെ പരിഹാസം.
വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പിആർഡി. സംഘത്തിലാണു ശ്രീറാമിന്റെ പുതിയ നിയമനം. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായാണു പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്കു ശ്രീറാമിനെ നാമനിർദേശം ചെയ്തത്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണു സർക്കാർ തിരിച്ചെടുത്തത്.
ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിനു കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സിഎഫ്എൽടിസികളുടെ ചുമതലയും നൽകിയിരുന്നു.
വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്കു പോലീസിനു കൈമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ മറ്റു വകുപ്പുകളിൽനിന്ന് ആരാഞ്ഞു ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളാണ് ഇപ്പോൾ ഫാക്ട് ചെക്ക് ഡിവിഷൻ നിർവഹിക്കുന്നത്.
കോവിഡ് കാലയളവിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ ജൂണിലാണു പിആർഡിയിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
സർക്കാരിനെതിരായ വാർത്തകൾ വ്യാജമെന്നു മുദ്ര കുത്തുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികൾ വിവാദമായിരിക്കെയാണു ശ്രീറാമിന്റെ പുതിയ ചുമതല.