കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ കൊലപാതകങ്ങള്‍കൊണ്ടും അക്രമങ്ങള്‍കൊണ്ടും കുപ്രസിദ്ധിയാര്‍ജിച്ച കണ്ണൂര്‍ ജില്ല വീണ്ടും കൊലപാതക രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകുന്നതായി പരക്കെ ആശങ്ക. 2016 ആരംഭിച്ച് ഏഴുമാസത്തിനകം മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളാണ് ജില്ലയില്‍ നടന്നത്. രണ്ട് സിപിഎം പ്രവര്‍ത്തകരും ഒരു ബി.ജെ.പി പ്രവര്‍ത്തകനുമാണ് കൊലക്കത്തിക്കിരയായത്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം കേസുകള്‍ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ പിണറായിയില്‍ സിപിഎം പ്രവര്‍ത്തകനായ രവീന്ദ്രനായിരുന്നു ആദ്യം കൊലചെയ്യപ്പെട്ടത്.
ബിജെപി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വലുതും ചെറുതുമായ നിരവധി സംഘട്ടനങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. ഇതില്‍ പലതിലും പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകങ്ങള്‍ സംഭവിക്കാതിരുന്നത് ഒരു പരിധിവരെ ആശ്വാസകരമായിരുന്നു. എന്നാല്‍, ഇന്നലെ രാത്രി പയ്യന്നൂര്‍ കുന്നരുവില്‍ സിപിഎം പ്രവര്ത്തകന് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ബിഎംഎസ് നേതാവായ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി പി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടു.
ഇതോടുകൂടി ജില്ലയില്‍ കൊലപാതക രാഷ്ട്രീയം ആരംഭിക്കുകയാണോ എന്ന ആശങ്ക നിഴലിക്കുകയാണ്. ജില്ലയില്‍ രൂക്ഷമായ രാഷ്ട്രീയ സംഘര്ഷത്തിനിടയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ദ്രുതകര്‍മ്മ സേനയെ ഞായറാഴ്ച മുതല്‍ ജില്ലയില്‍ വിന്ന്യസിച്ചത്. വിവിധയിടങ്ങളില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് ഉള്‍പ്പെടെയുള്ളവ ഇന്നലെ നടത്തിയിരുന്നു. ജില്ലയില്‍ കനത്ത സുരക്ഷാ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് ഇന്നലെ രണ്ടുപേര്‍ കൊലക്കത്തിക്കിരയായത്. ഇത് കടുത്ത ആശങ്കയാണുയര്‍ത്തുന്നത്.
കുന്നരുവില്‍ ധനരാജിനെ ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടുകൂടി കൊലപ്പെടുത്തിയതാണെന്ന് സിപിഎം ആരോപിച്ചു. ജില്ലയില്‍ മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് ആരോപിച്ചു. പിണറായിയില്‍ രവീന്ദ്രനെയും ഇപ്പോള്‍ കുന്നരുവില്‍ ധനരാജിനെയും കൊലപ്പെടുത്തിയത് ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ്. നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തിയശേഷം സിപിഎമ്മാണ് അക്രമങ്ങള്‍ നടത്തുന്നുവെന്ന കള്ളപ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് പറഞ്ഞു. സിപിഎം പാര്‍ട്ടിഗ്രാമത്തിലാണ് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടത്. കൊലപാതകം ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ബിഎംഎസ് പ്രവര്ത്തകന് രാമചന്ദ്രനെ സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് കൊലപ്പെടുത്തിയതെന്ന് സത്യപ്രകാശ് ആരോപിച്ചു.