സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വാക്സിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 250 രൂപ നിരക്ക് നിശ്ചയിച്ച് വിതരണം ചെയ്യാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ട്.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരുമായി കരാറിലെത്തിയേക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കോവിഡ് വാക്സിൻ വിതരണത്തിന് അടിയന്തര അനുമതി തേടി ഭാരത് ബയോടെക്കും ഡിസിജിഐക്ക് അപേക്ഷ നൽകി.
സ്വകാര്യവിപണിയിൽ വാക്സിൻ ഒരു ഡോസിന് 1000 രൂപയെങ്കിലും വില നൽകേണ്ടി വരുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, വലിയ തോതിൽ വാക്സിൻ ശേഖരിക്കാനുള്ള സർക്കാരിന്റെ നീക്കത്തത്തുടർന്നാണു വിലകുറച്ചതെന്നാണ് സൂചന.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്സ്ഫെഡ് സർവകലാശാലയും അസ്ട്രാസെനേകയുമായി ചേർന്നാണ് കോവിഷീൽഡ് എന്ന വാക്സിൻ വികസിപ്പിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഐസിഎംആറുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്സിൻ വികസനം നടത്തുന്നത്. നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെന്ററുകളിലായി 22,000 വോളന്റിയർമാർക്ക് നൽകിക്കൊണ്ടിരിക്കുകയാണ്.
മൂന്ന് കന്പനികളും നൽകിയ അപേക്ഷയിൽ ഡിസിജിഐയുടെ വിദഗ്ധ സമിതി തീരുമാനമെടുക്കും.
30 കോടി പേർക്ക് ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ ലഭിക്കും
ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകരും സേനാംഗങ്ങളും അന്പതിനു മുകളിൽ പ്രായമുള്ളവരും അടക്കം 30 കോടി ആളുകൾക്ക് ഏതാനും ആഴ്ചകൾക്കകം കോവിഡ് വാക്സിൻ നൽകും.
ആദ്യ പരിഗണന ആരോഗ്യ പ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകളിലായി ഒരു കോടിയോളം ആരോഗ്യപ്രവർത്തകരാണു രാജ്യത്തുള്ളത്. പോലീസ് സേനാംഗങ്ങൾ, ഹോം ഗാർഡ്, ദുരന്ത നിവാരണ സേനാംഗങ്ങൾ, സൈനികർ തുടങ്ങിയർ രണ്ടു കോടിയോളം വരും.
അന്പതിനു മുകളിൽ പ്രായമുള്ളവരും അന്പതിൽതാഴെ പ്രായമുള്ള വിവിധ രോഗങ്ങളുള്ളവരുമായി 27 കോടിയോളം പേരാണു രാജ്യത്തുള്ളത്.