തൊടുപുഴ: മലയാള സിനിമയ്ക്കു ഒഴിച്ചു കൂടാനാവാത്ത ഇഷ്ട ലൊക്കേഷനായ തൊടുപുഴയില്‍ ആശീര്‍വാദ് സിനിമാസിന്റെ ദൃശ്യ വിസ്മയത്തിനു തിരിതെളിഞ്ഞു. സിനിമാതാരം മോഹന്‍ലാല്‍ തിരികൊളുത്തി തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴയിലെ ആദ്യത്തെ മള്‍ട്ടിപ്ലെക്സ് സിനിമ കോപ്ലക്സാണ് ആശിര്‍വാദ് സിനിമാസ്. നാല് തിയേറ്ററുകള്‍ ഉള്‍പ്പെടുന്ന കോംപ്ലകസ് ഒരേ സമയം നാലു സിനിമകളാ വും തൊടുപുഴക്കാര്‍ക്കു സമ്മാനിക്കുക.
പി.ജെ ജോസഫ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബാര്‍, സംവിധായകരായ ജോഷി, ബി. ഉണ്ണികൃഷ്ണന്, ജിത്തു ജോസഫ്, മേജര്‍ രവി, നിര്‍മാതാക്കളായ സാബു ചെറിയാന്, ആന്റണി പെരുമ്പാവൂര്‍, നടന് ഇടവേള ബാബു, സുചിത്ര മോഹന്‍ലാല്‍, പ്രണവ്, വിസ്മയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു തിയറ്ററുകള്‍ക്കു മോഹന്‍ലാലിന്റെ മക്കളുടെ പേരാണ്. പ്രണവ്, വിസ്മയ. ആന്റണി പെരുമ്പാവൂരിന്റെ മക്കളായ ആശിഷ്, അനീഷ എന്നിവരുടെ പേരാണ് മറ്റു രണ്ടു തിയറ്ററുകള്‍ക്ക്. ഫോര്‍ കെ ഡോള്‍ബി അറ്റ്മോസ് സൗണ്ട് ഇഫക്ടിലാണ് തിയറ്റര്‍ ഒരുക്കിയിരിക്കുന്നത്. സ്ക്രീന്‍ ഒന്നില്‍ 600 സീറ്റുകളുണ്ട്. രണ്ടില്‍ 400, മൂന്നില്‍ 200, നാലില്‍ 100 സീറ്റുകളുമുണ്ട്. ആദ്യ പ്രദര്‍ശനം 22ന് റിലീസ് ചെയ്യുന്ന രജനികാന്തിന്റെ കബാലിയാണ്.
സിനിമ കേരളത്തില്‍ റിലീസിംഗിന് എത്തിക്കുന്നത് ആശിര്‍വാദ് സിനിമാസും മാക്സ്ലാബും ചേര്‍ന്നാണ്. കോംപ്ലക്സിലെ നാലു സ്ക്രീനുകളിലും രജനികാന്തിന്റെ തകര്‍പ്പന്‍ ഡയലോഗുകള്‍ മുഴങ്ങും. എട്ടു കോടി രൂപയ്ക്കാണു കബാലി മോഹന്‍ലാലും സംഘവും കേരളത്തില്‍ എത്തിക്കുന്നത്.