സുഡാന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള ആദ്യ സംഘം നാട്ടിലെത്തി; ആദ്യം എത്തിയത് 156 പേരില്‍ 45 മലയാളികള്‍; ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത് ഓപ്പറേഷന്‍ സങ്കട് മോചനിലൂടെ

sudanതിരുവനന്തപുരം :ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലെത്തി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പ്രത്യേക എയര്‍ ഫോഴ്‌സ് വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. ദിവസങ്ങളായി ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ സ്ഥിഗതികള്‍ അപകടകരമായ അവസ്ഥയിലേക്കു മാറിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.  ഇതനുസരിച്ച് ഇന്നലെ ദക്ഷിണ സുഡാനിലെ ജൂബയില്‍ നിന്നും പുറപ്പെട്ട പ്രത്യേക വ്യോമസേന വിമാനം ഗ്ലോബ് മാസ്റ്റര്‍ സി-13 പുലര്‍ച്ചെ നാലു മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെത്തി.

156 ഇന്ത്യക്കാരുമായി എത്തിയ ആദ്യ വിമാനത്തില്‍  45 ഓളം പേര്‍ മലയാളികളാണ്.   36 തമിഴ്‌നാട് സ്വദേശികളും 37 കര്‍ണാടകക്കാരും സംഘത്തിലുണ്ട്. കൂടാതെ രണ്ട് നേപ്പാള്‍ സ്വദേശികള്‍, ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനക്കാര്‍ തുടങ്ങിയവരുമുണ്ട്. രണ്ടു വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യക്കാരുമായി തിരുവനന്തപുരത്തേക്കു തിരിച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടാമത്തെ വിമാനം തിരുവനന്തപുരത്ത് എത്താതെ നേരിട്ട് ഡല്‍ഹിക്കയിലേക്കു പോയി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി ജനറല്‍ വി.കെ. സിംഗ്, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് നാട്ടിലെത്തിയവരെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ എത്തിയവരെ വീടുകളിലേക്ക് എത്തിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിപുലമായ ഒരുക്കള്‍ സജ്ജമാക്കിയിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ക്കായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും ഒരുക്കിയിരുന്നു. യാത്രക്കായി ട്രെയിനുകളെ ആശ്രയിച്ചവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം ദക്ഷിണ റെയില്‍വേയ്ക്കു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സുഡാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കും:  കേന്ദ്ര മന്ത്രി വി.കെ. സിംഗ്

തിരുവനന്തപുരം : ദക്ഷിണ സുഡാനില്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിംഗ് അറിയിച്ചു.  സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഇന്ത്യാക്കാരാണ് കലാപത്തെ തുടര്‍ന്ന് സുഡാനില്‍ കുടുങ്ങിയിരിക്കുന്നത്. ദക്ഷിണ സുഡാനിലെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും കലാപം തുടരുകയാണ്. ‘ ഓപ്പറേഷന്‍ സങ്കട് മോചനിലൂടെയാണ് ‘ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തുന്നത്. 600 ഓളം ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിയിട്ടുണ്ട് , ഇതില്‍ 156 പേരെ മാത്രമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. സുഡാന്‍ ഭരണകൂടവുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയതെന്നു മന്ത്രി പറഞ്ഞു. അതേസമയം, തങ്ങളുടെ സമ്പാദ്യം മുഴുവന്‍ സുഡാനില്‍ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങാന്‍ പല ഇന്ത്യക്കാരും തയാറാകുന്നില്ല. എന്നാല്‍ , സമ്പാദ്യമല്ല ജീവനാണ് വലുതെന്നും ഉടന്‍ നാട്ടിലേക്കു മടങ്ങാന്‍ തയാറാകണമെന്ന് കേന്ദ്രം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related posts