ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുവാൻ പോലീസ് വ്യാജരേഖയുണ്ടാക്കി. ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് മൃതദഹേം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി 10ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് വീടിനുള്ളിൽ തൂങ്ങി മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നു.
മോർച്ചറിയിൽ ഫ്രീസർ ഒഴിവില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രിക്കു പുറത്തുനിന്നുള്ള മൃതദേഹം സൂക്ഷിക്കുവാൻ ആശുപത്രി അധികൃതരുടെ അനുമതി വേണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു.
തുടർന്ന് ജീവനക്കാരൻതന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ജില്ലാ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ച ശേഷം കോവിഡ് പരിശോധനാ ഫലവുമായി ഇന്ന് എത്തിച്ചേർന്നാൽ മതിയെന്ന് അധികൃതർ പോലീസിന് നിർദ്ദേശം നൽകി.
തുടർന്നാണ് പോലീസ് മൃതദേഹം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രിയിലേക്കെത്തുന്ന വഴി മരണപ്പെട്ടതാണെന്ന് വരുത്തിത്തീർത്ത് അത്യാഹിത വിഭാഗം മെഡിക്കൽ ഓഫീസറെ കൊണ്ട് രേഖയുണ്ടാക്കിയത്.
അത്യാഹിത വിഭാഗത്തിലെ ചുമതലക്കാരിയായ നഴ്സ് മോർച്ചറി വിഭാഗം ജീവനക്കാരോട് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ഒരു മൃതദേഹമുണ്ടെന്ന് അറിയിച്ചു.
തുടർന്നാണ് പോലീസ് ആദ്യം മോർച്ചറിയിൽ സൂക്ഷിക്കാനായി കൊണ്ടുവന്ന മൃതദേഹമാണ് ഇതെന്നു മനസിലായത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ മൃതദേഹം തിരികെ കൊണ്ടുപോകുവാൻ നിർദ്ദേശിക്കുകയും പോലീസ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു.