ആ പദവി എനിക്കു വേണ്ട! ദാമോദരന്‍ തലയൂരി, സര്‍ക്കാരും; മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്നു എം.കെ. ദാമോദരന്‍

mkകൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ ഏറ്റെടുക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍  ഹൈക്കോടതിയില്‍ അറിയിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇക്കാര്യം അറിയിച്ചത്.

സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ കുമ്മനത്തിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചില്ല. പദവി ഏറ്റെടുക്കില്ലെന്ന് എം.കെ. ദാമോദരന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. പദവി ഇതുവരെ ഏറ്റെടുത്തിട്ടില്ല. നിയമോപദേഷ്ടാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും എം.കെ. ദാമോദരന്‍ വ്യക്തമാക്കി.

സാന്റിയാഗോ മാര്‍ട്ടിനും ക്വാറി ഉടമകള്‍ക്കുമൊക്കെ വേണ്ടി സര്‍ക്കാര്‍ നിലപാടിനെതിരായ വാദമുഖങ്ങള്‍ കോടതി മുറിയില്‍ ഉന്നയിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഇരിക്കുന്നതിന്റെ അനൗചിത്യം സംബന്ധിച്ചു വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ഇതേത്തുടര്‍ന്നാണ് ഇന്നു കേസ് എടുക്കുന്നതിനു മുന്‍പ് തന്നെ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.  അഡ്വ. എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെയാണ് ഹൈക്കോടതിയില്‍  പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഉണ്ടെന്നിരിക്കെ അഡ്വ. എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധമാണെന്നു ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ. ദാമോദരന്‍ സര്‍ക്കാര്‍ എതിര്‍ കക്ഷിയായ ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്നു. ഈ പദവി സ്‌പെഷല്‍ സെക്രട്ടറിക്കു തുല്യമാണെ ന്നിരിക്കെ സര്‍ക്കാര്‍ ഫയലുകള്‍ പരിശോധിക്കാന്‍ എം.കെ ദാമോദരനു കഴിയും.

ഇതിനാല്‍ സര്‍ക്കാരിനെതിരായ കേസുകളില്‍  സ്ഥാപിത താല്പര്യം സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും മുഖ്യമന്ത്രിയെ കൂട്ടുപിടിച്ച് നീതിന്യായ വിഷയങ്ങളില്‍ അഡ്വക്കേറ്റ് ജനറലിനെ മറികടന്നുള്ള സമാന്തര അധികാരകേന്ദ്രത്തിന് രൂപം നല്‍കാനുള്ള രഹസ്യ അജണ്ടയാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമോപദേഷ്ടാവായി എം.കെ. ദാമോദരനെ നിയമിച്ചുകൊണ്ടുള്ള ജൂണ്‍ ഒമ്പതിലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം, മുഖ്യമന്ത്രിയും സര്‍ക്കാരും അഡ്വ. എം.കെ ദാമോദരനെ നിയമോപദേഷ്ടാവായി പരിഗണിക്കുന്നത് തടയണം, നിയമോപദേഷ്ടാവായി തുടരുമ്പോള്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ അദ്ദേഹം പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുണ്ടായിരുന്നത്.

Related posts