പഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്; പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം

PKD-PALAMഷൊര്‍ണൂര്‍: കൊച്ചിരാജാവ് പണികഴിപ്പിച്ച പഴയ കൊച്ചിപാലം ചരിത്രവിസ്മൃതിയിലേക്ക്. പാലം ഉടനേ പൊളിച്ചുമാറ്റാന്‍ തീരുമാനം. ഭാരതപ്പുഴയ്ക്കു കുറുകേ തൃശൂരിനെയും പാലക്കാടിനെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിന്‍പാലമാണ് തകര്‍ച്ചയെ തുടര്‍ന്ന് പൊളിച്ചുനീക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സര്‍വേനടപടി പൂര്‍ത്തിയാക്കുകയും ടെണ്ടര്‍ നടത്തി പാലം പൊളിച്ചുവില്ക്കുന്നതിനുമാണ് തീരുമാനം. 2011-ലാണ് പാലം ഭാഗികമായി തകര്‍ന്നത്. പഴയ തിരുകൊച്ചിയേയും മലബാറിനെയും ബന്ധിപ്പിച്ചിരുന്ന ഈ പാലം കേരളചിത്രത്തിന്റെ ഭാഗം കൂടിയാണ്. കൊച്ചി മഹാരാജാവായിരുന്ന രാമവര്‍മയാണ് ഈ പാലം നിര്‍മിച്ചത്. ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടിയായിരുന്നു ഇത്. കൊച്ചിയിലേക്ക് റെയില്‍പാത ഒരുക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു പാലം നിര്‍മാണം.

പാലം ബലക്ഷയം നേരിട്ടതിനെ തുടര്‍ന്ന് 2004-ല്‍ ഭാരതപ്പുഴയ്ക്കു കുറുകേ പുതിയ പാലം നിര്‍മിച്ചിരുന്നു. കരിങ്കല്ലുകൊണ്ടു കെട്ടിപ്പടുത്ത തൂണുകളും  ഉരുക്കുകൊണ്ടുള്ള പാളികളുമാണ് പാലത്തിന്റെ പ്രധാന പ്രത്യേകത. ഷൊര്‍ണൂര്‍ മുതല്‍ ചെറുതുരുത്തിവരെ മുന്നൂറു മീറ്റര്‍ നീളമുള്ള പാലത്തിന് 15 സ്പാനുകളുണ്ട്. ഐക്യകേരള പിറവിക്കുമുമ്പ് ഷൊര്‍ണൂര്‍ പ്രദേശം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്ന് പാലത്തിന്റെ ഇരുവശവും രണ്ടു രാജ്യങ്ങളായിരുന്നു. ഇതിന്റെ അതിര്‍ത്തികളില്‍ ചുങ്കപിരിവുകളും കാവല്‍ഭടന്മാരും ഉണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്‍ കേരള സന്ദര്‍ശനം നടത്തിയതും അന്ന് തീവണ്ടിയിറങ്ങി ഷൊര്‍ണൂരില്‍നിന്നും കാളവണ്ടി വഴി തിരുകൊച്ചിയിലേക്ക് യാത്രയായതും ഈ പാലം വഴിയായിരുന്നുവെന്നതും ചരിത്രം.

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇറങ്ങിയ സ്വാമി ഇവിടെ ഒരു ആല്‍വൃക്ഷവും നട്ടു. ഈ ആല്‍മരം ഇന്നും ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലുണ്ട്. ഈ യാത്രയ്ക്കിടയിലാണ് കേരളത്തിലെ സാമൂഹിക ഉച്ചനീചത്വങ്ങളും ജാതിചിന്തയും തൊട്ടുകൂടായ്മയും കണ്ട് കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന്‍ പൊട്ടിത്തെറിച്ചത്.  പഴയപാലത്തിന്റെ സ്ഥാനത്ത് ആദ്യകാലത്ത് മറ്റൊരു പാലമുണ്ടായിരുന്നു. ഭാരതപുഴയുടെ തീരങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ ഇതു ഒലിച്ചുപോയി. 1902-ലാണ് ഈ പാലം നിര്‍മിച്ചത്. തകര്‍ന്ന പാലത്തിന്റെ ഭാഗങ്ങളില്‍ വര്‍ഷക്കാലങ്ങളില്‍ പുഴയില്‍ കുത്തൊഴുക്കുണ്ടാകുമ്പോള്‍ പുഴയിലേക്ക് കൂടുതല്‍ ചെരിഞ്ഞുവരുന്ന സ്ഥിതിയുണ്ടായിരുന്നു.നടുഭാഗത്തെ സ്പാന്‍ ആണ് ബലക്ഷയം വന്ന് തകര്‍ന്നത്.

പൊതുമരാമത്ത് വകുപ്പ് സര്‍വേ പൂര്‍ത്തിയാക്കിയതിനാല്‍ ടെണ്ടര്‍നടപടി ഉടനേയുണ്ടാകും. പാലം പൊളിച്ചുവില്ക്കുന്നതിലൂടെ വലിയ തുക ലഭിക്കുമെന്നാണ് കരുതുന്നത്. പാലം പൊളിച്ചുവില്ക്കുന്നതോടെ പാലത്തെ പ്രയോജനപ്പെടുത്തി നടത്താന്‍ തീരുമാനിച്ചിരുന്ന ടൂറിസം നടപടികള്‍ക്കും തിരശീല വീഴുകയാണ്. വൈകുന്നേരങ്ങളില്‍ ശുദ്ധമായ കാറ്റുകൊള്ളാന്‍ എത്തിയിരുന്നവര്‍ക്കും ഇനി മറ്റുമാര്‍ഗങ്ങള്‍ തേടേണ്ടിവരും. നടക്കാനും ഈപാലത്തെ നിരവധിപേര്‍ പ്രയോജനപ്പെടുത്തിയിരുന്നു. പ്രായമായവരും മറ്റും സായാഹ്്‌നങ്ങളില്‍ ഈ പാലത്തില്‍ ഒത്തുചേര്‍ന്ന് സമയം കളഞ്ഞിരുന്നതും ഇനി ഓര്‍മയാകും.

Related posts