കൊടകര: സൗദിയിലെ ദമാമിലുണ്ടായ വാഹനാപകടത്തില്‍ ശരീരം മുഴുവന്‍ തീപ്പൊളളലേററ് റിയാദിലെ ആശുപത്രിയില്‍ കഴിയുന്ന കൊടകര സ്വദേശിയായ യുവാവിനെ വിദഗ്ധചികിത്സക്കായി നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കൊടകര മനക്കുളങ്ങര കരിയാട്ട് രാമന്‍കുട്ടിനായരുടെ മകന്‍ ഷാജി((41)യാണ് റിയാദിലെ അല്‍ഇമാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ 20 നാണ് ഷാജി സൗദിയിലെ ദമാമിലെ ഫാഡ്‌ഗോവൗച്ച് ഹാല്‍ അജ്മി ഫോര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ഡ്രൈവറായി ജോലിക്കുപോയത്. ഇക്കഴിഞ്ഞ ജൂലൈ നാലിന് കമ്പനി ആവശ്യവുമായി ബന്ധപ്പെട്ട് ലോഡുകയറ്റിയ ട്രെയിലര്‍ ലോറിയുമായി പോകുമ്പോള്‍ വഴിയില്‍നിന്നും നാട്ടിലേക്കുപോരാനായി എയര്‍പോര്‍ട്ടിലേക്കുപോകുകയായിരുന്ന അതേകമ്പനിയിലെ ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശിയായ നാരായണന്‍കുട്ടി(51)എന്നയാളെ ലോറിയില്‍ കയറ്റിയിരുന്നു. ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ട ലോറി എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കത്തുകയും നാരയണന്‍കുട്ടിയും എതിര്‍വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും മരിക്കുകയുമായിരുന്നു. ലാ റിയില്‍നിന്നും പുറത്തേക്കു ചാടിയ ഷാജിക്ക് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും കഴുത്തിനുതാഴെ ശരീരം മുഴുവന്‍ പൊള്ളലേറ്റു.
എതിര്‍വാഹനത്തിലുണ്ടായിരുന്ന മരിച്ച ആളെക്കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല. എത്യോപ്യക്കാരനാണെന്നും അറബിയാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളായിരുന്നു പോലീസിനു ലഭിച്ചതത്രേ. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട പോലീസ് രേഖകള്‍ ലഭ്യമായാല്‍ മാത്രമേ ഷാജിക്കു നാട്ടിലെത്താന്‍ കഴിയൂ എന്നതാണ് അവസ്ഥ. അവിടെ ആശുപത്രിയില്‍ പരസഹായമില്ലാതെ ഒന്നും സാധിക്കുന്നില്ലെന്നതും ഭാരിച്ച ആശുപത്രിച്ചെലവുകളും ഷാജിയെ ദുരിതത്തിലാക്കിയിരിക്കയാണെന്നു വീട്ടുകാര്‍ പറയുന്നു. എങ്ങനെയെങ്കിലും നാട്ടിലെത്തി കിടപ്പാടം വിറ്റായാലും ചികിത്സ നടത്താനുള്ള ശ്രമത്തിലാണ് ഷാജി. അപകടത്തെത്തുടര്‍ന്ന് ഷാജിയുടെ കൈവശമുണ്ടായിരുന്ന ഒന്നരലക്ഷംരൂപയും പാസ്‌പോര്‍ട്ട്‌കോപ്പിയും മൊബൈല്‍ഫോണും വസ്ത്രങ്ങള്‍ പോലും കത്തിനശിച്ചിരുന്നു.
അപകടം നടക്കുമ്പോള്‍ കമ്പനി ഉടമ സൗദിയില്‍ ഉണ്ടായിരുന്നില്ല. അന്നു കുറച്ച് ആശുപത്രിച്ചെലവ് കമ്പനി വഹിച്ചുവെങ്കിലും പിന്നെ കൈമലര്‍ത്തുകയായിരുന്നെന്നു ഷാജിയുടെ ബന്ധുക്കള്‍ പറയുന്നു. ഷാജിയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുനില്‍കുമാറിന്റെയും മറ്റു ചില മലയാളികളുടേയും സഹായത്തോടെയാണ് കൈകാലുകള്‍ അനക്കാന്‍ പോലുമാകാത്തനിലയില്‍ കഴിയുന്ന ഷാജിയുടെ ചികിത്സ തുടരുന്നത്.
ഏറെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ഷാജിയുടേത്. ഷാജി കിടപ്പായതോടെ ഇയാളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന കുടുംബം ദുരിതത്തിലാണ്. പലരോടും കടംവാങ്ങി ഒന്നരലക്ഷം രൂപയോളം വീട്ടുകാര്‍ സൗദിയിലേക്ക് അയച്ചുകൊടുത്തതുകൊണ്ടാണ് അവിടെ ആദ്യ ശസ്ത്രക്രിയ നടത്തിയത്.
കൊടകര ഫാര്‍മേഴ്‌സ് ബാങ്കില്‍നിന്നും 10 ലക്ഷം രൂപ വായ്പയെടുത്ത് നാട്ടില്‍ വീടുപണി ആരംഭിച്ച സമയത്താണ് ഷാജിക്ക് അപകടം സംഭവിച്ചത്. മാസംതോറും ലോണ്‍ തിരിച്ചടയ്ക്കാനും കുടുംബം ബുദ്ധിമുട്ടുകയാണ്.
ഷാജിയെ ചികിത്സിക്കാനായി നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ അജിഷ മുഖ്യമന്ത്രി പിണറായി വിജയന്‍, ഇന്നസെന്റ് എംപി എന്നിവര്‍ക്കും നോര്‍ക്ക അധികൃതര്‍ക്കും നിവേദനം നല്കിയിട്ടുണ്ട്.