ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 94 ആയി. നൂറിലേറെപ്പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ 45 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 280ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
നഗരത്തിന്റെ വടക്ക് തായ് പോയിൽ 4,600 പേർ താമസിച്ചിരുന്ന വാംഗ് ഫുക് കോർട്ട് എന്ന പാർപ്പിട്ട സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണു തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു കെട്ടിടങ്ങൾ ഉൾപ്പെടുന്ന സമുച്ചയത്തിലെ ഏഴു കെട്ടിടങ്ങളിലും തീ പടർന്നു.
നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഇന്നലെയാണു തീ നിയന്ത്രണവിധേയമായത്. കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിന് കനത്ത ചൂടും പുകയും തടസം സൃഷ്ടിക്കുന്നുണ്ട്.
മരിച്ചവരിൽ ഒരു അഗ്നിശമനസേനാംഗവും ഉൾപ്പെടുന്നു. 71 പേർ സംഭവസ്ഥലത്തും നാലു പേർ ആശുപത്രിയിലുമാണു മരിച്ചത്. 1983ൽ നിർമിച്ച പാർപ്പിടസമുച്ചയത്തിൽ നവീകരണം നടക്കുന്നതിനിടെയാണു ദുരന്തമുണ്ടായത്. നവീകരണത്തിനായി കെട്ടിടത്തിനു പുറത്തു സ്ഥാപിച്ച മുളകൊണ്ടുള്ള തട്ടുകളും പ്ലാസ്റ്റിക് ഷീറ്റുകളും തീ അതിവേഗം പടരാൻ ഇടയാക്കി.
തീപിടിത്തത്തിൽ ക്രിമിനൽ അന്വേഷണം നടത്തുമെന്ന് ഹോങ്കോംഗ് അധികൃതർ അറിയിച്ചു. നവീകരണത്തിനു ചുമതലപ്പെട്ട നിർമാണ കന്പനിയിലെ മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നരഹത്യ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. അറ്റകുറ്റപ്പണി നടക്കുന്ന എല്ലാ പാർപ്പിട സമുച്ചയങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്ന് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് (സർക്കാർ തലവൻ) ജോൺ ലീ അറിയിച്ചു.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വസതികളുണ്ട്. 4600-ലേറെ പേരാണ് ഇവിടെ താമസിക്കുന്നത്.

